മനീഷ് പാണ്ടേയുടെ ഒറ്റയാള്‍ പോരാട്ടത്തെ അതിജീവിച്ച് പ്ലേ ഓഫ് ഉറപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ഇനി സൂപ്പര്‍ ഓവറില്‍ തീരുമാനമാകും. അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കുവാന്‍ വേണ്ടിയിരുന്ന സണ്‍റൈസേഴ്സിനു 16 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും അവസാന പന്തില്‍ സിക്സര്‍ നേടിയതോടെ മത്സരം ടൈയാക്കുവാന്‍ മനീഷ് പാണ്ടേയ്ക്കായി.
വൃദ്ധിമന്‍ സാഹയും മാര്‍ട്ടിന്‍ ഗുപ്ടിലും 4 ഓവറില്‍ 40 റണ്‍സ് നേടി സണ്‍റൈസേഴ്സിനു മികച്ച തുടക്കം നല്‍കിയെങ്കിലും ജസ്പ്രീത് ബുംറ ബൗളിംഗിനെത്തിയ ആദ്യ ഓവറില്‍ തന്നെ സാഹയെയും(25) ഗുപ്ടിലിനെയും(15) അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി ഇന്ത്യന്‍ മുന്‍ നിര പേസര്‍ മുംബൈയ്ക്ക് വേണ്ടി ബ്രേക്ക് ത്രൂ നല്‍കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ കെയിന്‍ വില്യംസണിനെയും(3) വിജയ് ശങ്കറിനെയും(12) പുറത്താക്കിയപ്പോള്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് ഹാര്‍ദ്ദിക് പാണ്ഡ്യ വീഴ്ത്തി. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോളും മറുവശത്ത് ചെറുത്ത്നില്പുമായി മനീഷ് പാണ്ടേ സണ്‍റൈസേഴ്സിന്റെ അവസാന പ്രതീക്ഷയായി മാറി.
37 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം മനീഷ് പാണ്ടേ പൂര്‍ത്തിയാക്കിയപ്പോള്‍ സണ്‍റൈസേഴ്സിനു അവസാന നാലോവറില്‍ 48 റണ്‍സായിരുന്നു വിജയ ലക്ഷ്യം. ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറില്‍ സണ്‍റൈസേഴ്സിനു ഒരു ബൗണ്ടറി ഉള്‍പ്പെടെ ഏഴ് റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ 18 പന്തില്‍ 41 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു മനീഷ് പാണ്ടേയും നബിയും ചേര്‍ന്ന് നേടേണ്ടിയിരുന്നത്.
മലിംഗയുടെ അടുത്ത ഓവറില്‍ ആദ്യ പന്ത് ബീറ്റണായെങ്കിലും രണ്ടാം പന്തില്‍ ഭാഗ്യം നബിയെ തുണച്ചു. നബിയുടെ ബാറ്റില്‍ നിന്നുള്ള അണ്ടര്‍ എഡ്ജ് ബൗണ്ടറിയിലേക്ക് പോയിയെങ്കിലും പിന്നീടുള്ള പന്തുകളില്‍ നിന്ന് വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ സണ്‍റൈസേഴ്സിനു കഴിയാതെ വന്നുവെങ്കിലും അവസാന പന്തില്‍ നിന്ന് നബി സിക്സ് നേടി. ഇതോടെ ഓവറില്‍ നിന്ന് 12 റണ്‍സും അവസാന രണ്ടോവറിലെ ലക്ഷ്യം 29 റണ്‍സുമായി മാറി.
19ാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ ഓവറിലെ ആദ്യ നാല് പന്തില്‍ സിംഗിളുകള്‍ മാത്രം വിട്ട് നല്‍കിയപ്പോള്‍ അഞ്ചും ആറും പന്തില്‍ മനീഷ് പാണ്ടേ ബൗണ്ടറി നേടി മികച്ചൊരു സ്പെല്‍ എറിഞ്ഞ് തീര്‍ക്കാമെന്ന ബുംറയുടെ മോഹങ്ങളെ തകര്‍ത്തു. ഓവറില്‍ നിന്ന് 12 റണ്‍സ് നേടി ലക്ഷ്യം അവസാന ഓവറില്‍ 17 റണ്‍സാക്കി മാറ്റുവാന്‍ സണ്‍റൈസേഴ്സിനായി.
അവസാന ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആദ്യ രണ്ട് പന്തില്‍ രണ്ട് സിംഗിളുകള്‍ മാത്രമാണ് വിട്ട് നല്‍കിയത്. എന്നാല്‍ മൂന്നാം പന്ത് സിക്സര്‍ പറഞ്ഞി നബി വീണ്ടും മത്സരം ആവേശകരമാക്കി. അടുത്ത പന്തില്‍ വിക്കറ്റിനു വെളിയില്‍ വൈഡായേക്കാവുന്ന ഒരു സ്ലോവര്‍ ബോള്‍ എറിഞ്ഞ ഹാര്‍ദ്ദിക്കിനെ അതിര്‍ത്തി കടത്തുവാന്‍ നബി തുനിഞ്ഞപ്പോള്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കുവാനെ താരത്തിനായുള്ളു.
അടുത്ത പന്തില്‍ രണ്ട് റണ്‍സ് മനീഷ് നേടിയതോടെ അവസാന പന്തില്‍ സിക്സര്‍ നേടിയാല്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുമെന്ന് ഉറപ്പായി. പ്രതീക്ഷിച്ച പോലെ തന്നെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അവസാന പന്ത് അതിര്‍ത്തി കടത്തി സണ്‍റൈസേഴ്സിനെ ഒരവസരം കൂടി നല്‍കുവാന്‍ മനീഷ് പാണ്ടേയ്ക്ക് സാധിച്ചു.
47 പന്തില്‍ നിന്ന് മനീഷ് പാണ്ടേ 71 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ മുഹമ്മദ് നബി 20 പന്തില്‍ നിന്ന് 31 റണ്‍സ് നേടി നബിയും ഏറെ നിര്‍ണ്ണായകമായ പങ്കു മത്സരത്തില്‍ വഹിച്ചു. ആറാം വിക്കറ്റില്‍ 49 റണ്‍സാണ് പാണ്ടേ-നബി കൂട്ടുകെട്ട് നേടിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ക്രുണാല്‍ പാണ്ഡ്യ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.