ഐപിഎല്‍ 2021ന്റെ ഉദ്ഘാടന മത്സരത്തില്‍ മികച്ച തുടക്കത്തിന് ശേഷം താളം തെറ്റി മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ്. ഒരു ഘട്ടത്തില്‍ 200നടുത്ത് സ്കോറിലേക്ക് മുംബൈ കുതിയ്ക്കുമെന്ന് തോന്നിയെങ്കിലും അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകളുമായി ഹര്‍ഷല്‍ പട്ടേല്‍ 159 റണ്‍സില്‍ മുംബൈയെ ഒതുക്കുവാന്‍ ആര്‍സിബിയെ സഹായിക്കുകയായിരുന്നു. 5 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈ ബാറ്റിംഗില്‍ വിലങ്ങ് തടിയായി മാറിയത്.
ടോസ് നഷ്ടമായ മുംബൈയ്ക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടി വരികയായിരുന്നു. 19 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയെ റണ്ണൗട്ട് രൂപത്തില്‍ നഷ്ടമായെങ്കിലും ക്രിസ് ലിന്നും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 43 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയാണ് മുംബൈയെ മുന്നോട്ട് നയിച്ചത്. പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 86/1 എന്ന നിലയിലായിരുന്നു.
23 പന്തില്‍ 31 റണ്‍സ് നേടിയ സൂര്യകുമാറിനെ പുറത്താക്കിയാണ് കൈല്‍ ജാമിസണ്‍ ആര്‍സിബിയ്ക്ക് ബ്രേക്ക്ത്രൂ നല്‍കിയത്. അധികം വൈകാതെ ക്രിസ് ലിന്നിനെ സ്വന്തം ബൗളിംഗില്‍ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ആര്‍സിബിയ്ക്കായി മൂന്നാം വിക്കറ്റ് നേടി. 35 പന്തില്‍ 49 റണ്‍സാണ് ലിന്‍ നേടിയത്.
ലിന്‍ പുറത്തായ ശേഷം ഇഷാന്‍ കിഷനും ഹാര്‍ദ്ദിക് പാണ്ഡ്യയും 30 റണ്‍സ് നാലാം വിക്കറ്റില്‍ നേടിയെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ 13 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. അവസാന ഓവറില്‍ റണ്‍ റേറ്റ് ഉയര്‍ത്തുവാനുള്ള ശ്രമത്തിനിടെ 28 റണ്‍സ് നേടിയ ഇഷാന്‍ കിഷനും പുറത്തായി. ഹര്‍ഷല്‍ പട്ടേലിനായിരുന്നു വിക്കറ്റ്. നേരത്തെ കിഷന്റെ രണ്ട് ക്യാച്ചുകളാണ് ആര്‍സിബി ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.
ഹര്‍ഷല്‍ പട്ടേല്‍ തന്റെ നാലോവറില്‍ 27 റണ്‍സ് വിട്ട് നല്‍കിയാണ് 5 വിക്കറ്റ് നേടിയത്. കൈല്‍ ജാമിസണ്‍(4 ഓവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റ്), മുഹമ്മദ് സിറാജ്(4 ഓവറില്‍ 22 റണ്‍സ് എന്നിവരും ഭേദപ്പെട്ട രീതിയില്‍ ആര്‍സിബിയ്ക്ക് വേണ്ടി പന്തെറിഞ്ഞു.
മുംബൈ ഇന്നിംഗ്സിലെ അവസാന ഓവറിലാണ് തന്റെ മൂന്ന് വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ വീഴ്ത്തിയത്. അവസാന പത്തോവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്.