കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിജയം ഭാഗ്യത്തിന്റെ തുണയോട് കൂടിയാണെന്ന് പറഞ്ഞ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കസ് സ്റ്റോയിനിസ്. 3 ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റും 21 പന്തില്‍ നിന്ന് 53 റണ്‍സും നേടിയ സ്റ്റോയിനിസിന്റെ പ്രകടനം ഇരു ഇന്നിംഗ്സുകളിലെയും അവസാന ഓവറുകളിലെ പ്രത്യേകതയായിരുന്നു.
തകര്‍ന്ന ഡല്‍ഹി ബാറ്റിംഗിനെ മുന്നോട്ട് നയിച്ച ശ്രേയസ്സ് അയ്യര്‍ ഋഷഭ് പന്ത് കൂട്ടുകെട്ടിന് ശേഷം അധികം റണ്‍സിലേക്ക് ടീം എത്തുകയില്ലെന്ന് കരുതിയ നിമിഷത്തിലാണ് ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സ് നേടി സ്റ്റോയിനിസ് മത്സരഗതി മാറ്റിയത്.
തിരിച്ച് പഞ്ചാബിനെ 55/5 എന്ന നിലയിലേക്ക് എറിഞ്ഞ് ഇട്ട ശേഷം മത്സരം അനായാസം ഡല്‍ഹി ജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിനെ പരിഭ്രാന്തിയിലാക്കി മയാംഗിന്റെ ഇന്നിംഗ്സ് വരുന്നത്. അവസാന ഓവറില്‍ 13 റണ്‍സ് വേണ്ട ഘട്ടത്തില്‍ സ്റ്റോയിനിസിനെയാണ് ശ്രേയസ്സ് അയ്യര്‍ ദൗത്യം ഏല്പിച്ചത്.
ആദ്യ മൂന്ന് പന്തില്‍ തന്നെ സ്കോറുകള്‍ ഒപ്പമെത്തിച്ച മയാംഗിനെയും കിംഗ്സ് ഇലവന്‍ പഞ്ചാബിനെയും ഞെട്ടിച്ച് പിന്നീട് ഒരു റണ്‍സ് പോലും വിട്ട് നല്‍കാതെ സ്റ്റോയിനിസ് മയാംഗിനെയും ക്രിസ് ജോര്‍ദ്ദനെയും പുറത്താക്കി മത്സരം സൂപ്പര്‍ ഓവറിലേക്ക് നയിക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ കാഗിസോ റബാഡയുടെ മികവില്‍ ഡല്‍ഹി വിജയം ഉറപ്പാക്കി.
ചില മത്സരങ്ങളില്‍ ഭാഗ്യത്തിന്റെ തുണ ടീമിനും ചില താരങ്ങള്‍ക്കുമൊപ്പമുണ്ടാകുമെന്നാണ് സ്റ്റോയിനിസ് പറഞ്ഞത്, അത്തരം ഭാഗ്യമുണ്ടെങ്കില്‍ വില്ലനില്‍ നിന്ന് ഹീറോ ആകുവാന്‍ എളുപ്പമാണ്. അതിനാല്‍ തന്നെ മികച്ച ഫലം ലഭിയ്ക്കുന്ന ദിവസങ്ങള്‍ ആസ്വദിക്കുക എന്നത് മാത്രമാണ് ചെയ്യുവാനുള്ളതെന്നും താരം വ്യക്തമാക്കി.