ഓസ്ട്രേലിയയിൽ നിന്ന് ഒരു താരം കൂടെ മോഹൻ ബഗാനിൽ

- Advertisement -

റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ഒക്കെ ഓസ്ട്രേലിയയിൽ നിന്ന് എത്തി കഴിഞ്ഞ ഐ എസ് എല്ലിൽ നടത്തിയ പ്രകടനങ്ങൾ വളരെ മികച്ചതായിരുന്നു. ഇതുകൊണ്ട് തന്നെ വീണ്ടും ഓസ്ട്രേലിയയിൽ നിന്ന് ഒരു താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാൻ. എ ലീഗ് ക്ലബായ ബ്രിസ്ബൈൻ റോറിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രാഡൻ ഇന്മാൻ ആണ് മോഹൻ ബഗാനുമായി കരാർ ഒപ്പുവെച്ചത്‌.

ഒരു വർഷത്തെ കരാറിലാണ് താരം ഇപ്പോൾ ബഗാനിലേക്ക് എത്തുന്നത്. അവസാന സീസണിൽ ബ്രിസ്ബൈനിൽ എത്തിയ ഇന്മാൻ 25 മത്സരങ്ങൾ കളിച്ചിരുന്നു. നാലു ഗോളുകളും താരം നേടി. 28കാരനായ താരം മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബുകളായ റോക്ഡൈൽ, പീറ്റർബോറോ യുണൈറ്റഡ് എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്. ഇന്മാൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിൽ ആണെങ്കിലും സ്കോട്ലാൻഡ് യൂത്ത് ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. ഈ സൈനിംഗോടെ എ ടി കെ കൊൽക്കത്ത അവരുടെ വിദേശ സൈനിംഗുകൾ പൂർത്തിയാക്കി.

Advertisement