ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അത്ര മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഇന്ത്യയുടെ മുന്‍ നിര സ്പിന്നര്‍ കുല്‍ദീപ് യാദവിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറേ മത്സരങ്ങളില്‍ താരത്തിനു ടീമിലെ സ്ഥാനം തന്നെ നഷ്ടമായി. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ നാല് വിക്കറ്റ് മാത്രമാണ് കുല്‍ദീപ് യാദവ് നേടിയിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ മോശം ഫോം ലോകകപ്പില്‍ താരത്തിനു തിരിച്ചടിയാകില്ലെന്നാണ് കൊല്‍ക്കത്തയുടെ കോച്ച് ജാക്ക്വിസ് കാലിസിന്റെ അഭിപ്രായം.
ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്പിന്നിനു തീരെ പിന്തുണയില്ലായിരുന്നുവെന്നും സ്പിന്നര്‍മാര്‍ക്ക് അവിടെ പന്തെറിയുക പ്രയാസകരമായ കാര്യമായിരുന്നുവെന്നുമാണ് കൊല്‍ക്കത്തയുടെ കോച്ച് പറയുന്നത്. കൂടാതെ ഈ ഫോര്‍മാറ്റില്‍ നിന്ന് ഏറെ വ്യത്യാസമുള്ള ഫോര്‍മാറ്റാണ് ഏകദിന ക്രിക്കറ്റെന്നുമാണ് കാലിസ് പറയുന്നത്. താരം നെറ്റ്സില്‍ ഏറെ പ്രയത്നിക്കുന്നുണ്ടെന്നും ലോകകപ്പിനു താരം മികവ് പുലര്‍ത്തുമെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്നും കാലിസ് വ്യക്തമാക്കി.