തുടക്കത്തിലെ തകർച്ചയിൽ നിന്ന് കൊൽക്കത്തയെ കരകയറ്റിയ നിതീഷ് റാണ – നരൈൻ കൂട്ടുകെട്ടിന്റെ പിൻബലത്തിൽ ഡൽഹിക്കെതിരെ മികച്ച സ്‌കോറുമായി കൊൽക്കത്ത. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് കൊൽക്കത്ത എടുത്തത്. ഒരു ഘട്ടത്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിൽ കൊൽക്കത്ത തകർച്ചയെ നേരിടുന്ന സമയത്താണ് നിതീഷ് റാണ – നരൈൻ സഖ്യം കൊൽക്കത്തയുടെ രക്ഷക്ക് എത്തിയത്.
ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ കൊൽക്കത്തക്ക് വേണ്ടി 115 റൺസാണ് കൂട്ടിച്ചേർത്തത്. സുനിൽ നരൈൻ 32 പന്തിൽ 64 റൺസ് എടുത്തപ്പോൾ നിതീഷ് റാണ 53 പന്തിൽ 81 റൺസ് എടുത്തു പുറത്തായി. തുടക്കത്തിൽ ശുഭ്മൻ ഗിൽ(9), രാഹുൽ തൃപതി (13), ദിനേശ് കാർത്തിക്(3) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തക്ക് നഷ്ടമായത്. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി എൻറിച്ച് നോർജെയും കാഗിസോ റബാഡയും 2 വിക്കറ്റ് വീതം വീഴ്ത്തി.













