ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച ജയം. മികച്ച ഫോമിലുള്ള ഡൽഹി ക്യാപിറ്റൽസിനെ 59 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെടുത്തിയത്. 195 റൺസ് എന്ന കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ഇറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് 9 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് സ്വന്തമാക്കി ഡൽഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ച വരുൺ ചക്രവർത്തിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം അനായാസമാക്കിയത്. സുനിൽ നരൈന്റെയും നിതീഷ് റാണയുടെയും മികവിൽ കൂറ്റൻ സ്കോർ സ്വന്തമാക്കിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞൊതുക്കുകയായിരുന്നു.
ഡൽഹിക്ക് വേണ്ടി ക്യാപ്റ്റൻ ശ്രേയസ് അയ്യരും യുവതാരം റിഷഭ് പന്തും ഒഴികെ ആരും മികച്ച പ്രകടനം പുറത്തെടുത്തില്ല. ശ്രേയസ് അയ്യർ 38 പന്തിൽ 47 റൺസും റിഷഭ് പന്ത് 27 റൺസുമാണ് എടുത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി വരുൺ ചക്രവർത്തി 5 വിക്കറ്റും പാറ്റ് കമ്മിൻസ് 3 വിക്കറ്റും വീഴ്ത്തി. ജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസാണ് എടുത്തത്.