ട്രെന്റ് ബോള്‍ട്ടിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന് ശേഷവും ആദ്യ 10 ഓവറിൽ മികച്ച സ്കോര്‍ നേടിയ സൺറൈസേഴ്സിന് പിന്നീടങ്ങോട്ട് അത് തുടരാനാകാതെ പോയപ്പോള്‍ രാജസ്ഥാനെതിരെ രണ്ടാം ക്വാളിഫയറിൽ 175 റൺസ്. ഒരു ഘട്ടത്തിൽ 99/3 എന്ന നിലയിലായിരുന്ന ടീം 120/6 എന്ന നിലയിലേക്ക് പ്രതിരോധത്തിലായെങ്കിലും ക്ലാസ്സന്‍ നേടിയ അര്‍ദ്ധ ശതകമാണ് പൊരുതാവുന്ന സ്കോറിലേക്ക് സൺറൈസേഴ്സിനെ എത്തിച്ചത്. അവസാന രണ്ടോവറിൽ വെറും 12 റൺസ് മാത്രമാണ് രാജസ്ഥാന്‍ ബൗളര്‍മാര്‍ വിട്ട് നൽകിയത്.
ആദ്യ ഓവറിൽ ട്രെന്റ് ബോള്‍ട്ടിനെ സിക്സും ബൗണ്ടറിയും കടത്തിയ അഭിഷേക് ശര്‍മ്മയെ എന്നാൽ ഓവറിലെ അവസാന പന്തിൽ ന്യൂസിലാണ്ട് താരം മടക്കിയയ്ക്കുകയായിരുന്നു. 5 പന്തിൽ 12 റൺസായിരുന്നു അഭിഷേക് ശര്‍മ്മ നേടിയത്. തുടര്‍ന്ന് രാഹുല്‍ ത്രിപാഠി – ട്രാവിസ് ഹെഡ് കൂട്ടുകെട്ട് അതിവേഗ സ്കോറിംഗ് നടത്തുന്നതാണ് കണ്ടത്.
അശ്വിനെ ഒരോവറിൽ രണ്ട് ഫോറിനും സിക്സിനും പായിച്ച ത്രിപാഠി ബോള്‍ട്ടിനെ അടുത്ത ഓവറിൽ വരവേറ്റത് സിക്സും ഫോറും നേടിയാണ്. എന്നാൽ താരത്തെ ചഹാലിന്റെ കൈകളിലെത്തിച്ച് ബോള്‍ട്ട് തന്റെ രണ്ടാം വിക്കറ്റ് നേടി. 15 പന്തിൽ 37 റൺസായിരുന്നു ത്രിപാഠി നേടിയത്. 44 റൺസായിരുന്നു ത്രിപാഠി – ഹെഡ് കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ നേടിയത്. അതേ ഓവറിൽ എയ്ഡന്‍ മാര്‍ക്രത്തെയും പുറത്താക്കി ബോള്‍ട്ട് തന്റെ മൂന്നാം വിക്കറ്റ് നേടി.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 68 റൺസ് സൺറൈസേഴ്സ് നേടിയെങ്കിലും മൂന്ന് വിക്കറ്റാണ് ടീമിന് നഷ്ടമായത്. പവര്‍പ്ലേയ്ക്ക് ശേഷം ഹെഡ് – ക്ലാസ്സന്‍ കൂട്ടുകെട്ട് രാജസ്ഥാന്‍ ബൗളിംഗിനെതിരെ അതിവേഗ സ്കോറിംഗ് നടത്തിയപ്പോള്‍ 42 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. പത്താം ഓവറിൽ ഹെഡിനെ പുറത്താക്കി സന്ദീപ് ശര്‍മ്മയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 28 പന്തിൽ നിന്ന് 34 റൺസാണ് ഹെഡ് നേടിയത്.
പത്തോവര്‍ പിന്നിടുമ്പോള്‍ 99/4 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. പത്തോവറിന് ശേഷം റണ്ണൊഴുക്കിന് രാജസ്ഥാന്‍ ബൗളര്‍മാര്‍ തടയിട്ടപ്പോള്‍ അവേശ് ഖാന്‍ ഒരേ ഓവറിൽ നിതീഷ് റെഡ്ഡിയെയും അവേശ് ഖാനെയും പുറത്താക്കി സൺറൈസേഴ്സിനെ 120/6 എന്ന നിലയിലാക്കി.
ഏഴാം വിക്കറ്റിൽ 43 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ – ഷഹ്ബാസ് അഹമ്മദ് കൂട്ടുകെട്ടാണ് തകര്‍ന്നടിയുമെന്ന് കരുതിയ സൺറൈസേഴ്സിനെ മുന്നോട്ട് നയിച്ചത്. ക്ലാസ്സന്‍ 33 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും തൊട്ടടുത്ത ഓവറിൽ സന്ദീപ് ശര്‍മ്മ ക്ലാസ്സന്റെ വിക്കറ്റ് നേടി.
രാജസ്ഥാന് വേണ്ടി അവേശ് ഖാനും ട്രെന്റ് ബോള്‍ട്ടും മൂന്ന് വീതം വിക്കറ്റും സന്ദീപ് ശര്‍മ്മ 2 വിക്കറ്റും നേടിയപ്പോള്‍ അവസാന പന്തിൽ ജയ്ദേവ് ഉനഡ്കട് റണ്ണൗട്ടായി പുറത്താകുകയായിരുന്നു.