റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐ.പി.എൽ എലിമിനേറ്റർ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെ പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രിയും സഞ്ജയ് മഞ്ചരേക്കറും. മത്സരത്തിൽ 58 പന്തിൽ നിന്ന് കെ.എൽ രാഹുൽ 79 റൺസ് എടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ താരത്തിനായിരുന്നില്ല. 208 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മുൻപിൽ കണ്ടു ഇറങ്ങിയ സൂപ്പർ ജയന്റ്സിന് 193 റൺസ് മാത്രമാണ് എടുക്കാനായത്.
മധ്യ ഓവറുകളിൽ കെ.എൽ രാഹുലിന് ബൗണ്ടറികൽ നേടാനാവാതെ പോയതോടെയാണ് വിമർശനവുമായി മുൻ താരങ്ങൾ രംഗത്തെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ 17 പന്തിൽ 26 റൺസ് നേടിയ കെ.എൽ രാഹുൽ തുടർന്ന് 7 ഓവറുകളിൽ ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. ഇത്രയും വലിയ സ്കോർ പിന്തുടരുമ്പോൾ കെ.എൽ രാഹുൽ ഇത്തരത്തിൽ ആയിരുന്നില്ല കളിക്കേണ്ടിയിരുന്നതെന്ന് മുൻ താരങ്ങൾ അഭിപ്രായപ്പെട്ടു.