നിതീഷ് റാണയുടെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോര്‍. 61 പന്തില്‍ നിന്ന് 87 റണ്‍സാണ് നിതീഷ് റാണ നേടിയത്. 18ാം ഓവറില്‍ ലുംഗിസാനി ഗിഡിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയ താരം 10 ഫോറും 4 സിക്സുമാണ് നേടിയത്. 20 ഓവറില്‍ നിന്ന് 172 റണ്‍സാണ് കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.
ഈ ടൂര്‍ണ്ണമെന്റില്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആദ്യമായാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് പൂര്‍ത്തിയാക്കിയത്. 48 റണ്‍സാണ് ശുഭ്മന്‍ ഗില്ലും നിതീഷ് റാണയും കൂടി ഇന്ന് നേടിയത്. ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ കൂട്ടുകെട്ടിനെ കരണ്‍ ശര്‍മ്മയാണ് തകര്‍ത്തത്.
26 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയ കരണ്‍ ശര്‍മ്മ ചെന്നൈയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയപ്പോള്‍ പകരം ക്രീസിലെത്തിയ സുനില്‍ നരൈനെ(7) വീഴ്ത്തി മിച്ചല്‍ സാന്റനര്‍ ചെന്നൈയുടെ രണ്ടാം വിക്കറ്റ് നേടിക്കൊടുത്തു.
പത്തോവറില്‍ നിന്ന് 70 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഈ സീസണിലെ തന്റെ ആദ്യ മത്സരം കളിക്കാനെത്തിയ റിങ്കു സിംഗിനെയാണ് കൊല്‍ക്കത്ത ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഇറക്കിയത്. താരത്തിനും അധികം പ്രഭാവമുണ്ടാക്കുവാന്‍ സാധിക്കാതെ 11 റണ്‍സ് നേടി മടങ്ങിയപ്പോള്‍ കൊല്‍ക്കത്ത 13 ഓവറില്‍ 93 റണ്‍സാണ് നേടിയത്.
44 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം നേടിയ റാണ പിന്നീട് സ്കോറിംഗിന് വേഗത കൂട്ടുകയായിരുന്നു. കരണ്‍ ശര്‍മ്മയെ തുടരെ സിക്സുകള്‍ക്ക് പറത്തി കരണ്‍ ശര്‍മ്മയുടെ മികച്ചൊരു സ്പെല്ലിനെ ഇല്ലാതാക്കുകയായിരുന്നു. 87 റണ്‍സ് നേടിയാണ് റാണ തിരികെ മടങ്ങിയത്.
റാണ പുറത്തായ ശേഷം ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചത്. 30 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയത്. മോര്‍ഗന്‍ 11 പന്തില്‍ 15 റണ്‍സ് നേടി പുറത്തായപ്പോള്‍ ദിനേശ് കാര്‍ത്തിക് 10 പന്തില്‍ നിന്ന് 21 റണ്‍സ് നേടി.