കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തങ്ങളുടെ പ്രമുഖ രണ്ട് താരങ്ങളെ ടീമില്‍ നിന്ന് റിലീസ് ചെയ്ത് കെകെആര്‍. ഐപിഎല്‍ 2020 ലേലത്തിന് മുന്നോടിയായാണ് താരങ്ങളെ ടീമുകള്‍ വിട്ട് നല്‍കി തുടങ്ങിയത്. ഐപിഎലില്‍ ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയ രണ്ട് താരങ്ങളെയാണ് ഇപ്പോള്‍ കൊല്‍ക്കത്ത വിട്ട് നല്‍കിയത്. 2014 സീസണില്‍ ടീം കപ്പ് നേടിയപ്പോള്‍ ടോപ് സ്കോറര്‍ ആകുകയും ടൂര്‍ണ്ണമെന്റില്‍ ഓറഞ്ച് ക്യാപ്പ് നേടിയ താരമായ ഉത്തപ്പയെയും ടീമില്‍ നിലവില്‍ ഏറ്റവും വില കൂടിയതും വെടിക്കെട്ട് ബാറ്റ്സ്മാനും ആയ ക്രിസ് ലിന്നിനെയും ആണ് ടീം വിട്ട് നല്‍കിയത്.
ഇരു താരങ്ങളും ഐപിഎല്‍ കഴിഞ്ഞ സീസണില്‍ അത്ര ഫോമിലായിരുന്നില്ല. ടീമിന്റെ പ്രധാന സ്പിന്നറായ പിയൂഷ് ചൗളയെയും കൊല്‍ക്കത്ത വിട്ട് നല്‍കുകയാണ്. ഇതിന് പുറമെ കാര്‍ലോസ് ബ്രാത്‍വൈറ്റ്, ജോ ഡെന്‍ലി, കെസി കരിയപ്പ, മാത്യു കെല്ലി, ആന്‍റിച്ച് നോര്‍ട്ജേ, യാര പൃഥ്വിരാജ്, ശ്രീകാന്ത് മുന്ദേ, നിഖില്‍ നായിക് എന്നിവരെയും ടീം വിട്ട് നല്‍കി.
35.65 കോടി രൂപ കൈവശമുള്ള ടീമിന് നാല് വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 11 സ്ഥാനങ്ങളിലേക്കാണ് പകരക്കാരെ കണ്ടെത്തേണ്ടത്.