140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി തീര്‍ത്തത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ രാജസ്ഥാനു സാധിച്ചപ്പോള്‍ തന്നെ മത്സരം ഏറെക്കുറെ കൊല്‍ക്കത്ത സ്വന്തമാക്കിയിരുന്നു. 13.5 ഓവറില്‍ നിന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം കുറിയ്ക്കുകയായിരുന്നു.
ധവാല്‍ കുല്‍ക്കര്‍ണ്ണിയെറിഞ്ഞ നാലാം ഓവറിലെ ആദ്യ പന്തില്‍ നരൈന്‍ ഒരു അവസരം നല്‍കിയെങ്കിലും രാഹുല്‍ ത്രിപാഠി അത് കൈവിട്ടു. നരൈന്റെ വ്യക്തിഗത സ്കോര്‍ 23ല്‍ നില്‍ക്കെയാണ് സംഭവം. അടുത്ത പന്തില്‍ ധവാല്‍ കുല്‍ക്കര്‍ണ്ണി ക്രിസ് ലിന്നിന്റെ ഇന്‍സൈഡ് എഡ്ജ് വിക്കറ്റില്‍ കൊള്ളിപ്പിച്ചുവെങ്കിലും ബെയില്‍ വീഴാതിരുന്നപ്പോള്‍ ഭാഗ്യം കൊല്‍ക്കത്തയെ തുണച്ചു.
തനിക്ക് ലഭിച്ച അവസരം മുതലാക്കി സുനില്‍ നരൈന്‍ 24 റണ്‍സ് കൂടി നേടി 25 പന്തില്‍ നിന്ന് 47 റണ്‍സ് നേടിയാണ് പുറത്തായത്. 6 ബൗണ്ടറിയും മൂന്ന് സിക്സുമാണ് നരൈന്‍ തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്. അര്‍ദ്ധ ശതകത്തിനു 3 റണ്‍സ് അകലെ ശ്രേയസ്സ് ഗോപാലാണ് നരൈന്റെ വിക്കറ്റ് നേടിയ്. തുടര്‍ന്നും വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ക്രിസ് ലിന്നും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്തായി. ശ്രേയസ്സ് ഗോപാലിനു ആയിരുന്നു ഈ വിക്കറ്റും. ലിന്‍ 32 പന്തില്‍ 6 ബൗണ്ടറിയും മൂന്ന് സിക്സും നേടി 50 റണ്‍സ് തികച്ചാണ് പുറത്തായത്.
റോബിന്‍ ഉത്തപ്പ 16 പന്തില്‍ നിന്ന് 26 റണ്‍സ് നേടി കൊല്‍ക്കത്തയുടെ വിജയം 13.5 ഓവറില്‍ നേടിക്കൊടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് ജയമാണ് കൊല്‍ക്കത്ത ഇന്നത്തെ മത്സരത്തില്‍ നേടിയത്.