Gurbaziiyer

മൂന്നാം കിരീടം കൊൽക്കത്ത സ്വന്തമാക്കിയത് 10.3 ഓവറിൽ

ഐപിഎലില്‍ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. തീര്‍ത്തും ഏകപക്ഷീയമായ ഫൈനൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 8 വിക്കറ്റ് വിജയം കൊൽക്കത്ത നേടിയത് 10.3 ഓവറിലാണ്. വെങ്കിടേഷ് അയ്യര്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഗുര്‍ബാസ് ആണ് മറ്റൊരു പ്രധാന റൺ സ്കോറര്‍.

സുനിൽ നരൈനെ രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും റഹ്മാനുള്ള ഗുര്‍ബാസും വെങ്കിടേഷ് അയ്യരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കൊൽക്കത്തയെ മുന്നോട്ട് നയിക്കുകയായിരുന്നു. വെങ്കിടേഷ് അയ്യര്‍ കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയപ്പോള്‍ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ കൊൽക്കത്ത 72/1 എന്ന അതിശക്തമായ നിലയിലായിരുന്നു.

തുടര്‍ന്നും അതിശക്തമായ ബാറ്റിംഗ് കൊൽക്കത്ത ബാറ്റ്സ്മാന്മാര്‍ പുറത്തെടുത്തപ്പോള്‍ 9ാം ഓവറിൽ കൊൽക്കത്ത നൂറ് എന്ന് സ്കോറിലെത്തി. അതേ ഓവറിൽ തന്നെ ഗുര്‍ബാസിന്റെ വിക്കറ്റ് നഷ്ടമായപ്പോള്‍ ഈ കൂട്ടുകെട്ട് 45 പന്തിൽ നിന്ന് 91 റൺസാണ് നേടിയത്.

വെങ്കിടേഷ് അയ്യര്‍ പുറത്താകാതെ 26 പന്തിൽ നിന്ന് 52 റൺസ് നേടി കൊൽക്കത്തയുടെ വിജയം വേഗത്തിലാക്കി.

Exit mobile version