മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ മികച്ച ബാറ്റിംഗ് പ്രകടനം. ജോസ് ബട്‍ലറുടെ തകര്‍പ്പന്‍ ശതകത്തിനൊപ്പം ഷിമ്രൺ ഹെറ്റ്മ്യറിന്റെ വെടിക്കെട്ട് പ്രകടനവും വന്നപ്പോള്‍ രാജസ്ഥാന്‍ 193 റൺസാണ് എട്ട് വിക്കറ്റ് നഷ്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.
പവര്‍പ്ലേയിൽ ജോസ് ബട്‍ലര്‍ തകര്‍ത്തടിച്ചപ്പോള്‍ ബേസിൽ തമ്പി ഒരോവറിൽ വഴങ്ങിയത് 26 റൺസാണ്. യശസ്വി ജൈസ്വാലിനെയും ദേവ്ദത്ത് പടിക്കലിനെയും നഷ്ടമായെങ്കിലും ജോസ് അടിച്ച് തകര്‍ത്തപ്പോള്‍ പത്തോവറിൽ 87 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.
50 പന്തിൽ 82 റൺസ് നേടിയ കൂട്ടുകെട്ടിനെ തകര്‍ത്തത് കീറൺ പൊള്ളാര്‍ഡ് ആയിരുന്നു. 21 പന്തിൽ 30 റൺസ് നേടിയ സഞ്ജുവിനെയാണ് താരം പുറത്താക്കിയത്. കീറൺ പൊള്ളാര്‍ഡ് എറിഞ്ഞ 17ാം ഓവറിൽ രണ്ട് സിക്സും രണ്ട് ഫോറും ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 26 റൺസായിരുന്നു.
തൈമൽ മിൽസ് എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഷിമ്രൺ സിക്സര്‍ പറത്തിയപ്പോള്‍ താരത്തിനെ അടുത്ത പന്തിൽ അമ്പയര്‍ നിതിന്‍ മേനോന്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതായി വിധിക്കുകയായിരുന്നു. തീരുമാനം പുനപരിശോധിക്കുവാന്‍ തീരുമാനിച്ച ഷിമ്രൺ അടുത്ത പന്തിൽ ബൗണ്ടറിയും നേടി.
14 പന്തിൽ 35 റൺസാണ് ഷിമ്രൺ ഹെറ്റ്മ്യര്‍ നേടിയത്. 53 റൺസാണ് ഹെറ്റ്മ്യര്‍ – ബട്‍ലര്‍ കൂട്ടുകെട്ട് നേടിയത്. അതേ ഓവറിൽ 68 പന്തിൽ നൂറ് റൺസ് നേടിയ ജോസ് ബട്‍ലറെയും വീഴ്ത്തി ജസ്പ്രീത് ബുംറ തന്റെ മൂന്നാം വിക്കറ്റ് ആഘോഷിച്ചു. 183/3 എന്ന നിലയിൽ നിന്ന് 10 റൺസ് നേടുന്നതിനിടെ 5 വിക്കറ്റാണ് അവസാന രണ്ടോവറിൽ രാജസ്ഥാന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കൊപ്പം തൈമൽ മിൽസും 3 വിക്കറ്റ് നേടി.