അവസാന ഓവറിൽ വിജയത്തിനായി 12 റൺസ് വേണ്ട ഗുജറാത്തിനെതിരെ 5 റൺസ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. 59 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ നിന്നുവെങ്കിലും 131 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്തിന് 125/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.
32/4 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഹാര്‍ദ്ദിക് പാണ്ഡ്യ – അഭിനവ് മനോഹര്‍ കൂട്ടുകെട്ട് ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു. അവസാന അഞ്ചോവറിൽ 52 റൺസായിരുന്നു ഗുജറാത്തിന്റെ വിജയ ലക്ഷ്യം. അടുത്ത രണ്ടോവറിൽ 15 റൺസ് പിറന്നപ്പോള്‍ അവസാന മൂന്നോവറിൽ 37 റൺസായിരുന്നു ഗുജറാത്ത് ജയത്തിനായി നേടേണ്ടിയിരുന്നത്.
26 റൺസ് നേടിയ അഭിനവ് മനോഹറിനെ പുറത്താക്കി ഖലീല്‍ അഹമ്മദ് 60 റൺസ് കൂട്ടുകെട്ടിനെ തകര്‍ക്കുകയായിരുന്നു. ഡൽഹി ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ 9 പന്തിൽ 30 റൺസെന്ന നിലയിലായി കാര്യങ്ങള്‍. എന്നാൽ നോര്‍ക്കിയ എറിഞ്ഞ 19ാം ഓവറിലെ അവസാന മൂന്ന് പന്തിൽ മൂന്ന് സിക്സ് നേടി രാഹുല്‍ തെവാത്തിയ ലക്ഷ്യം 6 പന്തിൽ 12 എന്ന നിലയിലാക്കി.
അവസാന ഓവര്‍ എറിയാനെത്തിയ ഇഷാന്ത് ശര്‍മ്മ ആദ്യ നാല് പന്തിൽ വെറും 3 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ നാലാം പന്തിൽ അപകടകാരിയായ രാഹുല്‍ തെവാത്തിയയെ പുറത്താക്കി. 7 പന്തിൽ 20 റൺസ് ആണ് തെവാത്തിയ നേടിയത്. അവസാന രണ്ട് പന്തിൽ 9 റൺസ് വേണ്ടപ്പോള്‍ റഷീദ് ഖാന് അഞ്ചാം പന്തിൽ 2 റൺസ് നേടാനായി. ഇതോടെ മത്സം ടൈ ആക്കുവാന്‍ അവസാന പന്തിൽ 6 റൺസായിരുന്നു ഗുജറാത്ത് നേടേണ്ടിയിരുന്നത്.