കൊൽക്കത്തയ്ക്കെതിരെ മികച്ച വിജയം നേടി മുംബൈ ഇന്ത്യന്‍സ്. വെങ്കിടേഷ് അയ്യര്‍ ശതകവുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ കൊൽക്കത്ത 186 റൺസ് വിജയ ലക്ഷ്യമാണ് മുംബൈയ്ക്ക് മുന്നിൽ നൽകിയത്. മുംബൈയ്ക്കായി ഇഷാന്‍ കിഷന്‍ ഫിഫ്റ്റി നേടിയും സൂര്യകുമാര്‍, തിലക് വര്‍മ്മ എന്നിവരും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ 17.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈയുടെ വിജയം.
ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ രോഹിത്തും ഇഷാനും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. 4.5 ഓവറിൽ 65 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ രോഹിത്തിന്റെ വിക്കറ്റ് നേടി സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്.
13 പന്തിൽ 20 റൺസായിരുന്നു രോഹിത്തിന്റെ സംഭാവന. അധികം വൈകാതെ ഇഷാന്‍ കിഷന്റെ വിക്കറ്റ് വരുൺ ചക്രവര്‍ത്തി നേടി. 25 പന്തിൽ 58 റൺസായിരുന്നു ഇഷാന്‍ കിഷന്‍ നേടിയത്.
പിന്നീട് സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ച നിമിഷത്തിലാണ് 38 പന്തിൽ 60 റൺസ് നേടിയ കൂട്ടുകെട്ടിനെ സുയാഷ് ശര്‍മ്മയാണ് തകര്‍ത്തത്. താരത്തിന്റെ മത്സരത്തിലെ രണ്ടാം വിക്കറ്റായിരുന്നു. 25 പന്തിൽ 30 റൺസായിരുന്നു തിലക് വര്‍മ്മയുടെ സംഭാവന.
പകരമെത്തിയ ടിം ഡേവിഡ് വരുൺ ചക്രവര്‍ത്തിയെ രണ്ട് സിക്സുകള്‍ക്ക് പറത്തിയപ്പോള്‍ മുംബൈ വിജയത്തിന് അടുത്തേക്ക് എത്തി. 25 പന്തിൽ 43 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ വിജയത്തിനായി മുംബൈ 10 റൺസ് കൂടി നേടിയാൽ മതിയായിരുന്നു.
ടിം ഡേവിഡ് 11 പന്തിൽ 21 റൺസ് നേടി മുംബൈയുടെ വിജയം ഉറപ്പാക്കുകകയായിരുന്നു.