ഐപിഎലും അതുമായി ബന്ധപ്പെട്ട ഏതൊരു സംഭവും ആരാധകരില്‍ അതിരു കവിഞ്ഞ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇത് കൃത്യമായി മനസ്സിലാക്കുന്ന കോര്‍പ്പറേറ്റ് ഭീമന്മാര്‍ വ്യക്തമായ പ്ലാനിംഗോടു കൂടി കാര്യങ്ങള്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ ചിലത്. ഐപിഎല്‍ മെഗാ ലേലം ഈ മാസം അവസാനം നടക്കാനിരിക്കേയാണ് മറ്റൊരു ഐപിഎല്‍ അനുബന്ധ ഇവന്റുമായി സ്റ്റാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
ജനുവരി 4നു ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസാന തീയ്യതിയാണെന്നിരിക്കെ അതൊരു പ്രത്യേകം ലൈവ് ഇവന്റായി തന്നെ സ്റ്റാര്‍ ആരാധകരുടെ മുന്നില്‍ എത്തിക്കുകയാണ്. ജനുവരി 4നു ഇന്ത്യന്‍ സമയം 6.50നു ആരംഭിക്കുന്ന സംപ്രേക്ഷണം സ്റ്റാര്‍ സ്പോര്‍ട്സ് 2, സ്റ്റാര്‍ സ്പോര്‍ട്സ് ഹിന്ദി 1 എന്നിവയില്‍ പ്രേക്ഷകര്‍ക്ക് കാണാം. ഇതിനു പുറമേ ഹോട്ട്സ്റ്റാറിലും നിലനിര്‍ത്തല്‍ പ്രക്രിയ വീക്ഷിക്കാവുന്നതാണ്.
2018-2022 സീസണിലേക്കുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശം 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ സ്വന്തമാക്കിയത്. കൊടുത്ത പൈസ മുതലാക്കുവാനുള്ള സ്റ്റാറിന്റെ ശ്രമങ്ങളാണ് ഐപിഎല്‍ നിലനിര്‍ത്തല്‍ നടപടികള്‍ വരെ നമ്മുടെ തീന്മേശയിലേക്ക് എത്തിക്കുന്നതില്‍ നിന്ന് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്.
എല്ലാ ടീമുകള്‍ക്കും മൂന്ന് താരങ്ങളെ നിലനിര്‍ത്തുവാനുള്ള അവസരം ലഭിക്കും. കൂടാതെ ലേല സമയത്ത് “റൈറ്റ് ടു മാച്ച്” കാര്‍ഡ് ഉപയോഗിച്ച് രണ്ട് താരങ്ങളെയും നിലനിര്‍ത്തുവാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കാവും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial