എംഎസ് ധോണിയുടെ കരിയറിന്മേലുള്ള ഒരു തീരുമാനം ആവും ഐപിഎല്‍ 2020ലെ പ്രകടനം എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. 2019 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ചിട്ടില്ലാത്ത ധോണി മാര്‍ച്ചില്‍ ഐപിഎലിലൂടെ തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കൊറോണ മൂലം ടൂര്‍ണ്ണമെന്റ് മാറ്റി വയ്ക്കുകയായിരുന്നു.
ഇപ്പോള്‍ ഐസിസി ടി20 ലോകകപ്പ് മാറ്റി വെച്ചതോടെ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ഐപിഎല്‍ നടത്താനുള്ള ശ്രമങ്ങളാണ് ബിസിസിഐ നടത്തുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്ന് ധോണിയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ അത് നിര്‍ണ്ണയിക്കുക ഐപിഎലില പ്രകടനം ആകുമെന്ന് ഡീന്‍ ജോണ്‍സ് വ്യക്തമാക്കി.
ഇന്ത്യ ഏറെക്കാലമായി വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെയും കെഎല്‍ രാഹുലിനെയുമാണ് പരിഗണിക്കുന്നത്. അതില്‍ ഒരു മാറ്റം വരണമെങ്കില്‍ ധോണി ഐപിഎലില്‍ അത്രമേല്‍ മികച്ച പ്രകടനം പുറത്തെടുക്കണം അല്ലാത്ത പക്ഷേ താരത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കപ്പെടും എന്ന് വേണം കരുതുവാനെന്നും ഡീന്‍ ജോണ്‍സ് അഭിപ്രായപ്പെട്ടു.