ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ വിജയ നേടുവാനുള്ള സ്ഥിതിയിൽ നിന്നാണ് സൺറൈസേഴ്സ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. എയ്ഡന്‍ മാര്‍ക്രവും ഹെയിന്‍റിച്ച് ക്ലാസ്സനും ടീമിനായി മികച്ച കൂട്ടുകെട്ട് നേടിയെങ്കിലും ഇരുവര്‍ക്കും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിച്ചില്ല. എന്നാൽ ഇരുവരും പുറത്തായ ശേഷം അബ്ദുള്‍ സമദ് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ അവസാന ഓവറിൽ 9 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. എന്നാൽ വരുൺ ചക്രവര്‍ത്തി എറിഞ്ഞ അവസാന ഓവറിൽ 3 റൺസ് മാത്രം വന്നപ്പോള്‍ 5 റൺസ് വിജയം കൊൽക്കത്ത സ്വന്തമാക്കി.
ഇന്നിംഗ്സിന്റെ തുടക്കത്തിൽ താന്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയതാണ് തോൽവിയ്ക്ക് കാരണമായതെന്നാണ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം വ്യക്തമാക്കുന്നത്. ഹെയിന്‍റിച്ച് ക്ലാസ്സന്‍ മനോഹരമായി ആണ് ബാറ്റ് വീശിയതെന്നും ഈ തോൽവി ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണെന്നും എന്നാൽ ഇതിൽ നിന്നും കാര്യങ്ങള്‍ പഠിക്കണമെന്നാണ് മാര്‍ക്രം പറഞ്ഞത്.
മത്സരത്തിൽ വേണ്ട പോലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുന്നില്ലെങ്കിൽ നെറ്റ്സിലേക്ക് മടങ്ങി വീണ്ടും പദ്ധതികള്‍ തയ്യാറാക്കണമെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു.