ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ചേസിംഗിനിടെ താന്‍ ലക്ഷ്യം വെച്ചത് സ്ട്രൈക്ക് കൈമാറുക എന്നത് മാത്രമാണെന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. സൂര്യകുമാര്‍ യാദവ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനാലാണ് ഇത്. ചെപ്പോക്കിലെ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നു, പ്രത്യേകിച്ച് രവീന്ദ്ര ജഡേജ പന്തെറിയുമ്പോള്‍. അതേ സമയം മുംബൈയുടെ ബാറ്റിംഗിനു ആഴം കൂടുതലായിരുന്നതിനാല്‍ ഈ സ്കോര്‍ മറികടക്കുവാനാകുമെന്ന വിശ്വാസം ടീമിനുണ്ടായിരുന്നുവെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.
ടി20 ഗെയിമിനു അനുയോജ്യമായ ഒരു പിച്ചായിരുന്നില്ല ഇത്. ഐപിഎലില്‍ ഞങ്ങളുടെ ഹോം ഗ്രൗണ്ടല്ലാത്തതിനാല്‍ ഇവിടെ കളിച്ചുള്ള അനുഭവം കുറവായിരുന്നുവെങ്കിലും ആഭ്യന്തരക്രിക്കറ്റില്‍ തനിയ്ക്കും സൂര്യകുമാര്‍ യാദവിനും ഇത്തരത്തിലുള്ള പിച്ചുകളില്‍ കളിച്ച് പരിചയമുണ്ടായിരുന്നു. ബൗളര്‍മാര്‍ക്ക് മേല്‍ക്കൈ നല്‍കാതെ സിംഗിളുകളും ഡബിളും നേടുകയായിരുന്നു തന്റെയും സൂര്യകുമാര്‍ യാദവിന്റെയും ലക്ഷ്യമെന്നും ഇഷാന്‍ പറഞ്ഞു. ഇനിയുള്ള വിശ്രമ ദിവസത്തിനു ശേഷം ഫൈനലിലും ഇതുപോലെ ടീമിനു വിജയത്തിലേക്ക് പോകുവാനാകുമെന്നും ഇഷാന്‍ കിഷന്‍ വ്യക്തമാക്കി.
31 പന്തില്‍ നിന്ന് 28 റണ്‍സ് നേടി ഇഷാന്‍ കിഷന്‍ സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 80 റണ്‍സാണ് കൂട്ടിചേര്‍ത്തത്.