ഇന്ന് സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിട്ട സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ക്യാപ്റ്റൻ സഞ്ജുവും ബട്ലറും ജൈസാളു അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ രാജസ്ഥാൻ 20 ഓവറിൽ 203/5 റൺസ് ആണ് അടിച്ചു കൂട്ടിയത്. 55 റൺസുമായി സഞ്ജു സാംസൺ ടോപ് സ്കോറർ ആയി.
ഇന്ന് ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. ജൈസാളും ബട്ലറും യാതൊരു ദയയും സൺ റൈസേഴ്സ് ബൗളർമാരോട് കാണിച്ചില്ല. പവർ പ്ലേയിൽ ഇരുവരും ചേർന്ന് 85 റൺസ് ആണ് അടിച്ചത്. പവർ പ്ലേ അവസാനിക്കാൻ ഒരു പന്ത് മാത്രം ശേഷിക്കെ രാജസ്ഥാന് ബട്ലറിനെ നഷ്ടനായി. 22 പന്തിൽ 54 റൺസ് എടുത്താണ് ബട്ലർ കളം വിട്ടത്. 3 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ബട്ലറിന്റെ ഇന്നിംഗ്സ്.
ബട്ലറിനു പിറകെ വന്ന സഞ്ജു സാംസണും ആക്രമിച്ചു തന്നെ കളിച്ചു. ബട്ലർ പുറത്തായ ശേഷം ജൈസാളിന്റെ റൺ എടുക്കുന്ന വേഗത കുറഞ്ഞു. 37 പന്തിൽ 54 റൺസ് എടുത്തു നിൽക്കെ ജൈസാൾ ഫറൂഖിയുടെ പന്തിൽ പുറത്തായി. ആദ്യ രണ്ടു വിക്കറ്റുകളും ഫറൂഖി ആയിരുന്നു വീഴ്ത്തിയത്. പിന്നാലെ 2 റൺസ് എടുത്ത ദേവദത് പടിക്കലിനെ ഉമ്രാൻ മാലിക് പുറത്താക്കി. പരാഗ് 7 റൺസിന് നടരാജന്റെ പന്തിലും പുറത്തായി.
ഒരു വശത്ത് അപ്പോഴും സഞ്ജു സാംസൺ ആക്രമിച്ചു തന്നെ കളിക്കുകയായിരുന്നു. സഞ്ജു 28 പന്തിൽ 50 റൺസ് പൂർത്തിയാക്കി. 32 പന്തു ബാറ്റു ചെയ്ത സഞ്ജു സാംസൺ 55 റൺസ് എടുത്തു ഒരു സിക്സിനു ശ്രമിക്കുന്നതിനിടയിൽ ഔട്ടായി. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു സഞ്ജു സാംസന്റെ ഇന്നിംഗ്സ്. അവസാന ഓവറുകളിൽ കൂറ്റനടികൾ വരാത്തതിനാൽ രാജസ്ഥാൻ റോയൽസിന് അവർ ഒരു ഘട്ടത്തിൽ പ്രതീക്ഷിച്ചതു പോലെ 220കളിലേക്ക് എത്താൻ ആയില്ല.