ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരികെയെത്തും എന്ന് ഉറപ്പാകുന്നു. ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പ്രഖ്യാപിച്ച റീടെയ്ൻഡ് ലിസ്റ്റിൽ ഹാർദികിന്റെ പേര് ഉൾപ്പെട്ടു എങ്കിലും ഹാർദിക് മുംബൈയിലേക്ക് തന്നെ പോകും എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. കാഷ് ഇൻ ട്രേഡിൽ ആകും ഹാർദിക് മുംബൈയിലേക്ക് പോവുക. ഓക്ഷൻ നടക്കുന്നതിന് ഏഴ് ദിവസം മുമ്പ് വരെ ട്രേഡുകൾ നടത്താൻ ക്ലബുകൾക്ക് ആകും. 15 കോടിയോളം മുംബൈ ഇന്ത്യൻ ഗുജറാത്തിന് നൽകും.
ഹാർദിക് പാണ്ഡ്യയുടെ ട്രേഡ് ബി സി സി ഐയും ലീഗ് അധികൃതരും അംഗീകരിച്ചതായി ക്രിക്ബസ് പറയുന്നു. താമസിയാതെ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരും.മുംബൈ ഇന്ത്യൻസിൽ ദീർഘകാലം കളിച്ഛിട്ടുള്ള ഹാർദിക് രണ്ട് സീസൺ മുമ്പ് ആയിരുന്നു ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ആയി പുതിയ വഴി തിരഞ്ഞെടുത്തത്.
ഗുജറാത്തിന് ഒരു ഐ പി എൽ കിരീടം നേടിക്കൊടുക്കാനും ഒരു ഫൈനലിൽ എത്തിക്കാനും ഹാർദികിന് ആയിരുന്നു. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് ആകും ഇത്. ഇത്ര വലിയ തുകയ്ക്ക് ഒരു ക്ലബും ഇതുവരെ ഐ പി എല്ലിൽ താരത്തെ കൈമാറ്റം ചെയ്തിട്ടില്ല.
ഹാർദിക് ഗുജറാത്ത് ടൈറ്റൻസിനൊപ്പം രണ്ട് സീസണിൽ നിന്ന് 833 റൺസും 11 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഹാർദിക് നേരത്തെ മുംബൈ ഇന്ത്യൻസിനൊപ്പം നാലു ഐ പി എൽ കിരീടങ്ങളും നേടിയിട്ടുണ്ട്.