ഐപിഎൽ 2024 സീസണിന് മുന്നോടിയായി ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമല്ല എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ഹാർദികിനെ വൈസ് ക്യാപ്റ്റൻ ആക്കി രോഹിത് ശർമ്മയെ ക്യാപ്റ്റൻ ആക്കി നിലനിർത്താമായിരുന്നു എന്ന് യുവരാജ് പറഞ്ഞു.
“ക്യാപ്റ്റനെന്ന നിലയിൽ അഞ്ച് തവണ ഐപിഎൽ ജേതാവാണ് രോഹിത് ശർമ്മ. അദ്ദേഹത്തെ നീക്കം ചെയ്യുന്നത് വലിയ തീരുമാനമാണ്. ഞാൻ രോഹിത്തിന് ഒരു സീസൺ കൂടി നൽകുമായിരുന്നു. എന്നിട്ട് ഹാർദിക്കിനെ വൈസ് ക്യാപ്റ്റനായി നിർത്തി ഫ്രാഞ്ചൈസി എങ്ങനെ മുന്നോട്ട് പ്രവർത്തിക്കുന്നുവെന്ന് നോക്കുമായിരുന്നു.” യുവരാജ് പറഞ്ഞു.
താനടക്കം എല്ലാവർക്കും അവരുടെ അഭിപ്രായങ്ങളുണ്ടെന്നും എന്നാൽ ഒരു ഫ്രാഞ്ചൈസി അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും യുവരാജ് കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസിന്റെ ഭാഗത്ത് നിന്നു നോക്കിയാൽ, ഹാർദിക് പാണ്ഡ്യയെ നായകസ്ഥാനം ഏൽപ്പിക്കുന്നത് ശരിയായ തീരുമാനം ആകാം. യുവരാജ് പറഞ്ഞു. പാണ്ഡ്യ കഴിവുള്ളവനാണെങ്കിലും, ഐപിഎല്ലിലെ ഏറ്റവും വലിയ ടീമുകളിലൊന്നിനെ നയിക്കുമ്പോൾ വലിയ സമ്മർദ്സം അദ്ദേഹത്തിന് ഉണ്ടാകും എന്നും അത് കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നും യുവരാജ് ചൂണ്ടിക്കാട്ടി.