ശുഭ്മന്‍ ഗില്ലിന്റെയും വെങ്കിടേഷ് അയ്യരിന്റെയും മികച്ച പ്രകടനങ്ങള്‍ക്കൊപ്പം മറ്റു താരങ്ങളും നിര്‍ണ്ണായക പ്രകടനങ്ങള്‍ പുറത്തെടുത്തപ്പോള്‍ രാജസ്ഥാന്‍ റോയൽസിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിൽ റൺസ് കണ്ടെത്താന്‍ പാടുപെടുന്ന പിച്ചിൽ ആണ് കൊല്‍ക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടിയത്. ഈ സീസണിൽ ഷാര്‍ജ്ജയിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇത്. 102 റൺസാണ് അവസാന പത്ത് ഓവറിൽ രാജസ്ഥാന്‍ വഴങ്ങിയത്.
ഗില്‍ – അയ്യര്‍ കൂട്ടുകെട്ട് ഒന്നാം വിക്കറ്റിൽ 79 റൺസാണ് നേടിയത്. 38 റൺസ് നേടിയ അയ്യരെ തെവാത്തിയ ആണ് പുറത്താക്കിയത്. നിതീഷ് റാണയെ(5 പന്തിൽ 12) വേഗത്തിൽ നഷ്ടമായെങ്കിലും ശുഭ്മന്‍ ഗിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി കൊല്‍ക്കത്തയെ മുന്നോട്ട് നയിച്ചു. 56 റൺസ് നേടിയ ഗില്ലിനെ ക്രിസ് മോറിസ് ആണ് പുറത്താക്കിയത്.
അവസാന ഓവറുകളിൽ ത്രിപാഠിയും ദിനേശ് കാര്‍ത്തിക്കും വേഗത്തിൽ റൺ കണ്ടെത്തുവാന്‍ ശ്രമിച്ചുവെങ്കിലും ത്രിപാഠി 13 പന്തിൽ 21 റൺസ് നേടി മടങ്ങി. മോര്‍ഗനും കാര്‍ത്തിക്കും പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാം വിക്കറ്റിൽ നിര്‍ണ്ണായകമായ 26 റൺസ് പിറന്നു. മോര്‍ഗന്‍ 13 റൺസും ദിനേശ് കാര്‍ത്തിക് 14 റൺസുമാണ് നേടിയത്.