താണ്ഡവത്തോടെ ഗെയില്‍ തുടങ്ങി, അടിച്ച് തകര്‍ത്ത് രാഹുലും

Sports Correspondent

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി പഞ്ചാബ് കിംഗ്സ്. ക്രിസ് ഗെയിലിന്റെ വെടിക്കെട്ട് പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ മികച്ച അര്‍ദ്ധ ശതകം കൂടിയായപ്പോള്‍ ബാംഗ്ലൂിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്.

മയാംഗ് അഗര്‍വാളിന്റെ അഭാവത്തില്‍ പ്രഭ്സിമ്രാന്‍ സിംഗിനെ ഓപ്പണിംഗ് ഇറക്കിയ പഞ്ചാബ് കിംഗ്സിന്റെ പരീക്ഷണം പാളിയെങ്കിലും പകരം ക്രീസിലെത്തിയ ക്രിസ് ഗെയില്‍ സംഹാര താണ്ഡവമാടുന്നതാണ് ഏവരും കണ്ടത്.

Danielsams

80 റണ്‍സാണ് ഗെയിലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 24 പന്തില്‍ 46 റണ്‍സ് നേടിയ ഗെയിലിന്റെ വിക്കറ്റ് ഡാനിയേല്‍ സാംസ് ആണ് നേടിയത്. തൊട്ടടുത്ത ഓവറില്‍ നിക്കോളസ് പൂരനും പുറത്തായതോടെ പ‍ഞ്ചാബ് 107/3 എന്ന നിലയിലേക്ക് വീണു.

ഇതിനിടെ തന്റെ അര്‍ദ്ധ ശതകം 35 പന്തില്‍ കെഎല്‍ രാഹുല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഗെയിലിന്റെ വിക്കറ്റ് നഷ്ടമായ ശേഷം തുടരെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ പഞ്ചാബിന്റെ സ്കോറിംഗ് നിരക്ക് താഴുന്ന കാഴ്ചയാണ് കണ്ടത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 18ാം ഓവറില്‍ ആണ് പിന്നീട് വലിയ റണ്‍സ് പിറന്നത്. ഹര്‍പ്രീത് ബ്രാര്‍ ഒരു ഫോറും ഒരു സിക്സും കെഎല്‍ രാഹുല്‍ ഒരു ബൗണ്ടറിയും നേടിയപ്പോള്‍ ഓവറില്‍ നിന്ന് 18 റണ്‍സും പഞ്ചാബിന്റെ സ്കോര്‍ 150ഉം കടന്നു.

Klrahul

ആറാം വിക്കറ്റില്‍ രാഹുലും ഹര്‍പ്രീതും ചേര്‍ന്ന് 32 പന്തില്‍ 61 റണ്‍സാണ് നേടിയത്. രാഹുല്‍ 57 പന്തില്‍ 91 റണ്‍സ് നേടിയപ്പോള്‍ ഹര്‍പ്രീത് 17 പന്തില്‍ 25 റണ്‍സിന്റെ നിര്‍ണ്ണായക സംഭാവന നല്‍കി. രാഹുല്‍ അഞ്ചും ഹര്‍പ്രീത് 2 സിക്സുമാണ് നേടിയത്.

മത്സരത്തിലെ 19ാം ഓവര്‍ സിറാജ് മികച്ച രീതിയില്‍ എറിഞ്ഞുവെങ്കിലും ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ 22 റണ്‍സാണ് ബാംഗ്ലൂര്‍ വഴങ്ങിയത്.