ഹാർദിക് പാണ്ഡ്യയെ വിമർശിച്ചതിന് എബി ഡി വില്ലിയേഴ്സിനെതിരെ ആഞ്ഞടിച്ച് കെകെആർ മെൻ്റർ ഗൗതം ഗംഭീർ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിനെയും നയിച്ചിട്ടില്ലാത്ത ഡിവില്ലിയേഴ്‌സിമ് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയെക്കുറിച്ച് അഭിപ്രായം പറയാൻ യോഗ്യത ഇല്ല എന്ന് ഗംഭീർ പറഞ്ഞു. ഹാർദികിന്റെ ക്യാപ്റ്റൻസി ഈഗോയിൽ അധിഷ്ഠിതമാണെന്നും അവന്റെ ആറ്റിട്യൂഡ് ഫേക്ക് ആണെന്നും ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെയാണ് ഗംഭീർ എതിർത്തത്.
“വിദഗ്‌ധർ പറയുന്നതല്ല പ്രധാനം, എന്തെങ്കിലും പറയുക എന്നതാണ് അവരുടെ ജോലി. ടീമിൻ്റെ പ്രകടനത്തിലൂടെ ആണ് ഒരാളുടെ ക്യാപ്റ്റൻസിയെ നിങ്ങൾ വിലയിരുത്തുന്നത്. മുംബൈ മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ എല്ലാ വിദഗ്ധരും ഹാർദികിനെ പ്രശംസിക്കുമായിരുന്നു. ഈ സീസണിൽ എംഐ മികച്ച പ്രകടനം നടത്തിയിട്ടില്ല, അതിനാലാണ് എല്ലാവരും അവനെ കുറിച്ച് സംസാരിക്കുന്നത്” ഗംഭീർ പറഞ്ഞു.
“ഹാർദിക് പാണ്ഡ്യ വന്നത് മറ്റൊരു ഫ്രാഞ്ചൈസിയിൽ നിന്നാണെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്, അതിനാൽ സമയമെടുക്കും, അദ്ദേഹത്തിന് കുറച്ച് സമയം നൽകുക.”അദ്ദേഹം കൂട്ടിച്ചേർത്തു.
“അദ്ദേഹത്തെ വിമർശിച്ച വിദഗ്‌ദ്ധർ, ഒരു ടീമിനെ നായകനായ സമയത്തെ അവരുടെ സ്വന്തം പ്രകടനം കാണണം. അത് എബി ഡിവില്ലിയേഴ്‌സായാലും കെവിൻ പീറ്റേഴ്‌സണായാലും. ഞാൻ അവരുടെ കരിയറിൽ ക്യാപ്റ്റൻ ആയി മികവ് നടത്തിയത് ഒന്നും ഓർക്കുന്നില്ല. അവരുടെ റെക്കോർഡുകൾ മറ്റേതൊരു ക്യാപ്റ്റനെക്കാളും മോശവുമാണ്”ഗംഭീർ പറഞ്ഞു.