ഐപിഎലില്‍ ഇതുവരെ മൂന്ന് ടീമുകള്‍ പ്ലേ ഓഫ് സ്ഥാനം ഉറപ്പിച്ചപ്പോള്‍ ഒരു ടീം മാത്രമാണ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായത്. ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് പുറത്തായ ഏക ടീം. അവശേഷിക്കുന്ന നാല് ടീമുകള്‍ക്ക് പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി തന്നെ നിലനില്‍ക്കുന്നുണ്ട്.
ചെന്നൈയും മുംബൈയും ഡല്‍ഹിയും തങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ച് പ്ലേ ഓഫിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുവാന്‍ ശ്രമിക്കുമ്പോള്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ആവേശകരമായി മാറുമെന്ന് ഉറപ്പാണ്. സണ്‍റൈസേഴ്സ് ഹൈദ്രാബാദ് ആണ് നിലവില്‍ പട്ടികയില്‍ ഏറ്റവും അധികം സാധ്യതയുള്ളത്. 12 പോയിന്റുള്ള ടീം ഇന്നലെ പ്ലേ ഓഫ് അവസരം മുംബൈയ്ക്കെതിരെ കൈവിട്ടുവെങ്കിലും അടുത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വിജയം കൈവരിച്ചാല്‍ ശക്തമായ റണ്‍റേറ്റോടു കൂടി പ്ലേ ഓഫ് ഉറപ്പിയ്ക്കാം. വിജയം 14 പോയിന്റില്‍ ടീമിനെ എത്തിയ്ക്കുമെങ്കിലും ടൂര്‍ണ്ണമെന്റില്‍ ടീമിന്റെ സാധ്യതകളെ കോഹ്‍ലിയും സംഘവും തകര്‍ക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. മേയ് 4നാണ് ഇരുവരും തമ്മിലുള്ള മത്സരം.
അതേ സമയം സണ്‍റൈസേഴ്സ് തങ്ങളുടെ മത്സരം പരാജയപ്പെട്ടാലും പ്ലേ ഓഫ് സാധ്യതയിലുണ്ടെന്നതാണ് ടീമിനു അനുകൂലമായ ഘടകം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ അടുത്ത മത്സരം പരാജയപ്പെടണമെന്നതാണ് ഇതിനു സാധ്യതയേറുന്ന ഘടകം. കൂടാതെ പഞ്ചാബോ കൊല്‍ക്കത്തയോ ഒന്നിലധികം മത്സരം ജയിക്കാതിരിക്കുകയും വേണം. ഈ അവസരത്തിലും റണ്‍റേറ്റാവും ടീമിനു തുണയായി എത്തുക.
പ്ലേ ഓഫ് യോഗ്യത ഉറപ്പിയ്ക്കുവാന്‍ കൊല്‍ക്കത്തയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കണം. ഇന്ന് പഞ്ചാബിനെതിരെയുള്ള നിര്‍ണ്ണായക മത്സരം വിജയിക്കുകയാണ് ആദ്യ കടമ്പ. എന്നാല്‍ രണ്ട് ജയം നേടിയാല്‍ മാത്രം പോര സണ്‍റൈസേഴ്സ് റോയല്‍ ചലഞ്ചേഴ്സിനോട് പരാജയപ്പെടുകയും വേണം കൊല്‍ക്കത്തയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റുവാന്‍. അതേ സമയം ഇരു ടീമുകളും 14 പോയിന്റില്‍ എത്തുകയാണെങ്കില്‍ മികച്ച റണ്‍റേറ്റുള്ള സണ്‍റൈസേഴ്സിനാണ് സാധ്യത. അല്ലാത്തപക്ഷം തങ്ങളുടെ രണ്ട് മത്സരങ്ങളും കൊല്‍ക്കത്ത വലിയ മാര്‍ജിനില്‍ വിജയിക്കേണ്ടതുണ്ട്.
പിന്നീടുള്ള സാധ്യത സണ്‍റൈസേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെടുകയും പഞ്ചാബും കൊല്‍ക്കത്തയും ഒരു ജയം സ്വന്തമാക്കുകയും രാജസ്ഥാന്‍ ഡല്‍ഹിയോട് പരാജയപ്പെടുകയും ചെയ്താല്‍ റണ്‍റേറ്റില്‍ സണ്‍റൈസേഴ്സിനൊപ്പം പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും സാധ്യതയുണ്ടാകും.
കൊല്‍ക്കത്തയുടെ അതേ സാധ്യതകള്‍ തന്നെയാണ് പഞ്ചാബിനും ഉള്ളത്, എന്നാല്‍ ടീമിന്റെ റണ്‍റേറ്റ് ഏറ്റവും കുറഞ്ഞതാണെന്നത് ടീമിനു തിരിച്ചടിയാകുന്നു. രാജസ്ഥാനാണ് ഏറ്റവും ശ്രമകരമായ പ്ലേ ഓഫ് സാധ്യതകളുള്ളത്. ടീം ആദ്യം ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തണം പിന്നീട് സണ്‍റൈസേഴ്സ് ബാംഗ്ലൂരിനോട് തോല്‍ക്കുവാന്‍ ആഗ്രഹിക്കണം കൂടാതെ പഞ്ചാബോ കൊല്‍ക്കത്തയോ ഒന്നിലധികം ജയം സ്വന്തമാക്കുകയും അരുത്. നാളെ ഡല്‍ഹിയോട് പരാജയപ്പെട്ടാല്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമായി മാറും രാജസ്ഥാന്‍.