ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങുന്നത് വിഷമകരം – ലോകേഷ് രാഹുല്‍

Sports Correspondent

ഇത്രയധികം മത്സരങ്ങളില്‍ തോല്‍വിയുടെ പക്ഷത്ത് നില്‍ക്കേണ്ടി വരുന്നത് വളരെ അധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്ന് പറഞ്ഞ് ലോകേഷ് രാഹുല്‍. ചെന്നൈയോടേറ്റ കനത്ത പ്രഹരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ലോകേഷ് രാഹുല്‍. ഇനിയുള്ള മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നും ടീമിന് മുന്നിലില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ നടപ്പിലാക്കുന്നതിലാണ് ടീമിന് പിഴയ്ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ഫാഫ് ഡു പ്ലെസി – ഷെയിന്‍ വാട്സണ്‍ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ഒരു ടീമിന് സാധിക്കുന്നില്ലെങ്കില്‍ പിന്നെ ആ മത്സരത്തില്‍ ഒരു സാധ്യതയുമില്ലെന്ന് തന്നെ പറയാമെന്നും ലോകേഷ് രാഹുല്‍ സൂചിപ്പിച്ചു.

പരിശീലനം കൂടുതല്‍ ശക്തിപ്പെടുത്തിയും മത്സരങ്ങളിലെ നിര്‍ണ്ണായക നിമിഷങ്ങള്‍ വിജയിക്കുവാനുമായാല്‍ ടീമിന് ഇനിയും മത്സരങ്ങളില്‍ സാധ്യതയുണ്ടെന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ അഭിപ്രായപ്പെട്ടത്.