മുംബൈയ്ക്കെതിരെ ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ ആര്‍സിബിയെ 196 റൺസിലെത്തിച്ച് ദിനേശ് കാര്‍ത്തിക്. ഫാഫ് ഡു പ്ലെസി , രജത് പടിദാര്‍ എന്നിവരുടെ ബാറ്റിംഗ് മികവിനിടയിലും ആര്‍സിബിയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്പെൽ ആടിയുലച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക് മത്സരത്തിൽ 23 പന്തിൽ 53 റൺസ് നേടി ആര്‍സിബി പ്രതീക്ഷകള്‍ കാത്തു.
വിരാട് കോഹ്‍ലിയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ആര്‍സിബിയ്ക്ക് അരങ്ങേറ്റക്കാരന്‍ വിൽ ജാക്സിനെയും വേഗത്തിൽ നഷ്ടമായി. പിന്നീട് ഫാഫ് ഡു പ്ലെസി – രജത് പടിദാര്‍ കൂട്ടുകെട്ട് 82 റൺസ് മൂന്നാം വിക്കറ്റിൽ നേടി ബെംഗളൂരുവിനെ മികച്ച നിലയിലേക്ക് എത്തിച്ചു.
26 പന്തിൽ 50 റൺസ് നേടിയ രജത് പടിദാറിനെ നഷ്ടമാകുമ്പോള്‍ ആര്‍സിബി 105/3 എന്ന നിലയിലായിരുന്നു. തൊട്ടടുത്ത ോവറിൽ ഗ്ലെന്‍ മാക്സ്വെല്ലിനെയും ടീമിന് നഷ്ടമായതോടെ ആര്‍സിബി 108/4 എന്ന നിലയിലേക്ക് വീണു. 33 പന്തിൽ ഫാഫ് ഡു പ്ലെസി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി ആര്‍സിബിയുടെ പ്രതീക്ഷയായി നിലകൊണ്ടു. ഫാഫിന് ഒപ്പമെത്തിയ ദിനേശ് കാര്‍ത്തിക് മുംബൈ ബൗളര്‍മാരെ അതിര്‍ത്തി കടത്തിയപ്പോള്‍ ആര്‍സിബി പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങുവാന്‍ തുടങ്ങി.
ജസ്പ്രീത് ബുംറ ഫാഫിനെ പുറത്താക്കിയപ്പോള്‍ 45 റൺസായിരുന്നു ഈ കൂട്ടുകെട്ട് നേടിയത്. 40 പന്തിൽ 61 റൺസായിരുന്നു ആര്‍സിബി നായകന്റെ സംഭാവന. തൊട്ടടുത്ത പന്തിൽ ബുംറ മഹിപാൽ ലോംറോറിനെ പുറത്താക്കിയപ്പോള്‍ ആര്‍സിയുടെ നില പരുങ്ങലിലായി.
തന്റെ അവസാന ഓവറിൽ രണ്ട് വിക്കറ്റ് കൂടി ബുംറ നേടിയപ്പോള്‍ സ്പെല്ലിലെ അവസാന പന്തിൽ കാര്‍ത്തിക് താരത്തിനെ അതിര്‍ത്തി കടത്തി. 21 റൺസ് വിട്ട് നൽകിയാണ് ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടം. ആകാശ് മാധ്വാൽ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സും ഒരു ഫോറും കാര്‍ത്തിക് നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. 8 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി 196 റൺസ് നേടിയത്.