അശ്വിന്റെ സ്പിന്‍ കുരുക്കില്‍ വീണ് ചെന്നൈ, രക്ഷകനായി ധോണി

Sports Correspondent

കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്റെ സ്പിന്‍ കുരുക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണുവെങ്കിലും നാലം വിക്കറ്റില്‍ എംഎസ് ധോണി-അമ്പാട്ടി റായിഡു കൂട്ടുകെട്ട് രക്ഷകരമായി അവതരിപ്പിച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 160 റണ്‍സ് ആണ് നേടാനായത്. ഫാഫ് ഡു പ്ലെസിയും ഷെയിന്‍ വാട്സണും നല്‍കിയ മികച്ച തുടക്കത്തിനു ശേഷം 7.2 ഓവറില്‍ 56 റണ്‍സിലേക്ക് കുതിച്ച ചെന്നൈ തുടര്‍ന്ന് പ്രതിരോധത്തിലാകുകയായിരുന്നു. വാട്സണെ അശ്വിന്‍ പുറത്താക്കുമ്പോള്‍ താരം 26 റണ്‍സാണ് നേടിയത്. പിന്നീട് ഡു പ്ലെസിയും സുരേഷ് റെയ്‍നയും ചേര്‍ന്ന് 44 റണ്‍സ് കൂടി മാത്രമാണ് അടുത്ത 6.1 ഓവറില്‍ നേടിയത്.

14ാം ഓവര്‍ എറിയുവാന്‍ വന്ന അശ്വിന്‍ 38 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയെയും 17 റണ്‍സ് നേടിയ സുരേഷ് റെയ്‍നയെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ഹാട്രിക്കിന്റെ വക്കോളമെത്തിയെങ്കിലും അമ്പാട്ടി റായിഡു അശ്വിന്റെ ഹാട്രിക്ക് നിഷേധിച്ചു. 14 ഓവര്‍ പിന്നിടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സാണ് ചെന്നൈയ്ക്ക് നേടാനായത്.

അവസാന ആറോവറില്‍ നിന്ന് 59 റണ്‍സാണ് ധോണിയും അമ്പാട്ടി റായിഡുവും ചേര്‍ന്ന് നേടിയത്. സാം കറന്‍ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് ഒരു സിക്സും രണ്ട് ഫോറും സഹിതം 19 റണ്‍സാണ് ധോണിയും റായിഡുവും ചേര്‍ന്ന് നേടിയത്. ഇതില്‍ ബഹുഭൂരിഭാഗം റണ്‍സും നേടിയത് ധോണിയായിരുന്നു.

മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറില്‍ അമ്പാട്ടി റായിഡു സിക്സും ധോണി ഫോറും നേടിയപ്പോള്‍ ചെന്നൈ ഓവറില്‍ നിന്ന് 14 റണ്‍സ് നേടി ടീം സ്കോര്‍ 160 റണ്‍സിലേക്ക് എത്തിച്ചു. 38 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ ധോണി 37 റണ്‍സും(23 പന്തില്‍) റായിഡു 21 റണ്‍സും(15 പന്തില്‍) നേടി പുറത്താകാതെ നിന്നു.