ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ് മുന്നോടിയായി കോവിഡ്-19 ടെസ്റ്റ് നടത്തി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ധോണി ഇപ്പോൾ താമസിക്കുന്ന ജാർഖണ്ഡിലെ സിമാലിയ ഏരിയയിലെ ലാബിൽ നിന്നാണ് ധോണി പരിശോധന പൂർത്തിയാക്കിയത്. മറ്റൊരു ചെന്നൈ സൂപ്പർ കിങ്സ് താരമായ മോനു കുമാറും ധോണിയോടൊപ്പം കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള ചെന്നൈ സൂപ്പർ കിങ്സിനെ പരിശീലനം ക്യാമ്പിൽ ചേരുന്നതിന് വേണ്ടിയാണ് ധോണി കോവിഡ് ടെസ്റ്റ് നടത്തിയത്. ബി.സി.സി.ഐ നിർദേശ പ്രകാരം യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് താരങ്ങളും സപ്പോർട്ടിങ് സ്റ്റാഫും രണ്ട് കോവിഡ് ടെസ്റ്റുകൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതിനെ പുറമെയാണ് ടീമിനൊപ്പം ചേരുന്നതിന് മുൻപ് ധോണി കോവിഡ് പരിശോധന നടത്തിയത്. കോവിഡ് ഫലം നെഗറ്റീവ് ആയാൽ ധോണി ടീമിനൊപ്പം പരിശീലനം ക്യാമ്പിൽ ചേരാൻ വേണ്ടി ചെന്നൈയിലേക്ക് തിരിക്കും.
ചെന്നൈയിൽ വെച്ച് ഓഗസ്റ്റ് 15 മുതൽ 20 വരെയാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലന ക്യാമ്പ്. തുടർന്ന് ഓഗസ്റ്റ് 21 ന് ചെന്നൈ സൂപ്പർ കിങ്സ് യു.എ.ഇയിലേക്ക് തിരിക്കും. സെപ്റ്റംബർ 19 മുതൽ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം നടക്കുക.