ദേവദത്ത് പടിക്കല്‍ ടോപ് ഓര്‍ഡറില്‍ കാട്ടിയ ബാറ്റിംഗ് അത്ഭുതങ്ങളുടെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ 163 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. 10 ഓവറില്‍ 86/0 റണ്‍സ് നേടിയ ടീമിന് അര്‍ദ്ധ ശതകം നേടിയ പടിക്കലിനെയും 29 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചിനെയും അടുത്തടുത്ത പന്തുകളില്‍ നഷ്ടമാകുകയായിരുന്നു.
90/0 എന്ന നിലയില്‍ നിന്ന് 90/2 എന്ന നിലയിലേക്ക് ആര്‍സിബി വീണപ്പോള്‍ വിജയ് ശങ്കറാണ് 56 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിനെ വീഴ്ത്തിയത്. അടുത്ത പന്തില്‍ അഭിഷേക് വര്‍മ്മ ആരോണ്‍ ഫിഞ്ചിനെയും പുറത്താക്കിയതോടെ പിന്നീട് റണ്‍സ് കണ്ടെത്തുവാന്‍ ബാംഗ്ലൂരിന് അത്ര അനായാസം സാധിച്ചില്ല.
വെടിക്കെട്ട് താരങ്ങളായ വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും മെല്ലെ തുടങ്ങി നിലയുറപ്പിച്ച ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കുവാനാണ് പദ്ധതിയിട്ടത്. എങ്കിലും കോഹ്‍ലിയെ(14) പുറത്താക്കി ടി നടരാജന്‍ ആര്‍സിബിയ്ക്ക് കനത്ത പ്രഹരമാണ് ഏല്പിച്ചത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഡിവില്ലിയേഴ്സ് ആണ് ആര്‍സിബിയുടെ സ്കോറിംഗിന് വീണ്ടും വേഗത നല്‍കിയത്. 29 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി എബി ഡി വില്ലിയേഴ്സ് എന്നാല്‍ തൊട്ടടുത്ത പന്തില്‍ റണ്ണൗട്ടായതോടു കൂടി 175 റണ്‍സെന്ന ലക്ഷ്യം ടീമിന് ഏറെക്കുറെ അപ്രാപ്യമായി മാറി. 51 റണ്‍സ് നേടിയ താരം രണ്ട് സിക്സ് നേടി.