കൊൽക്കത്തയ്ക്കെതിരെ 4 വിക്കറ്റ് വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ നേടിയ അര്‍ദ്ധ ശതകം ആണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അര്‍ദ്ധ ശതകം നേടിയ വാര്‍ണര്‍ പുറത്തായ ശേഷം മനീഷ് പാണ്ടേയും അക്സര്‍ പട്ടേലും നേടിയ നിര്‍ണ്ണായക റണ്‍സ് ആണ് ഡൽഹിയുടെ ആദ്യ വിജയത്തിന് വഴിയൊരുക്കിയത്.
128 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഡൽഹിയ്ക്ക് പതിവ് പോലെ ഒരു വശത്ത് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ആണ് നിലയുറപ്പിച്ച് പൊരുതിയത്.
എന്നാൽ ലക്ഷ്യത്തിന് 35 റൺസ് അകലെ 41 പന്തിൽ നിന്ന് 57 റൺസ് നേടിയ വാര്‍ണര്‍ പുറത്താകുകയായിരുന്നു. വരുൺ ചക്രവര്‍ത്തിയ്ക്കായിരുന്നു വിക്കറ്റ്. മനീഷ് പാണ്ടേ കരുതലോടെ ബാറ്റ് വീശിയപ്പോള്‍ 30 പന്തിൽ 24 റൺസായിരുന്നു ഡൽഹി വിജയത്തിനായി നേടേണ്ടിയിരുന്നത്.
എന്നാൽ തൊട്ടടുത്ത ഓവറിൽ അനുകുല്‍ റോയ് 21 റൺസ് നേടിയ മനീഷ് പാണ്ടേയെ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റാണ് മനീഷിലൂടെ ഡൽഹി നഷ്ടപ്പെടുത്തിയത്. നിതീഷ് റാണ അമന്‍ ഹഖീം ഖാനെ പൂജ്യത്തിന് പുറത്താക്കിയപ്പോള്‍ ഡൽഹിയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായി.
അക്സര്‍ പട്ടേലും ലളിത് യാദവും സ്കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചപ്പോള്‍ അവസാന ഓവറിൽ 7 റൺസായിരുന്നു ഡൽഹി നേടേണ്ടിയിരുന്നത്