കോവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹി – പഞ്ചാബ് മത്സരം മുംബൈയിലേക്ക് മാറ്റി

Staff Reporter

ഡൽഹി ക്യാപിറ്റൽസ് ടീമിൽ ഉണ്ടായ കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 20ന് നടക്കേണ്ടിയിരുന്ന ഡൽഹി ക്യാപിറ്റൽസ് – പഞ്ചാബ് കിംഗ്സ് മത്സരം മുംബൈയിലേക്ക് മാറ്റി. നേരത്തെ പൂനെയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നത്. ടീമിന്റെ ബസിലുള്ള ദീർഘ ദൂര യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് ബി.സി.സി.ഐ മുംബൈയിൽ വെച്ച് മത്സരം നടത്താൻ തീരുമാനിച്ചത്.

ഡൽഹി ക്യാപിറ്റൽസ് ടീമിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മത്സരം മുംബൈയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഡൽഹി ക്യാപിറ്റൽസ് നിരയിൽ ഓസ്‌ട്രേലിയൻ താരം മിച്ചൽ മാർഷ് ആണ് കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ നാല് പേർക്കാണ് നിലവിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ഇന്ന് നടക്കുന്ന ആർ.ടി പി.സി.ആർ ടെസ്റ്റിന് ശേഷമാവും മത്സരത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക. നിലവിൽ ഡൽഹി ക്യാമ്പിൽ താരങ്ങളെ എല്ലാം ദിവസവും ആർ.ടി പി.സി.ആർ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.