ഡൽഹിയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. നേരത്തെ കർണാടക, മഹാരാഷ്ട്ര സർക്കാരുകളും ഐ.പി.എൽ നടത്താൻ അനുവാദം നൽകില്ലെന്ന് പറഞ്ഞിരുന്നു. ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം മാർച്ച് 30ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ നടക്കാനിരിക്കെയാണ് ഡൽഹിയിൽ ഐ.പി.എൽ നടത്തുന്നത് ഡൽഹി സർക്കാർ തടഞ്ഞത്.
ഡൽഹി ഉപ മുഖ്യ മന്ത്രി മനീഷ് സിസോഡിയ നടത്തിയ പത്ര സമ്മേളനത്തിലാണ് ഐ.പി.എൽ ഡൽഹി നടത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചത്. സെമിനാറുകൾ, സമ്മേളനങ്ങൾ, കായിക മത്സരങ്ങൾ ഒന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നടത്താൻ അനുവദിക്കില്ലെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. ഡൽഹിയിലെ ജനങ്ങളോട് ഒത്തുകൂടുന്നത് ഒഴിവാക്കാനും സർക്കാർ ആവശ്യപെട്ടിട്ടുണ്ട്.
നേരത്തെ കേന്ദ്ര സർക്കാരും ആളുകൾ കൂടുതൽ ഒത്തുകൂടുന്ന പരിപാടികൾ ഒഴിവാക്കണമെന്നും ഏപ്രിൽ 15വരെ വിദേശികൾക്ക് വിസയിൽ ഇന്ത്യയിൽ എത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഐ.പി.എൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താനുള്ള ശ്രമങ്ങളും ബി.സി.സി.ഐ നടത്തുന്നുണ്ട്. നാളെ നടക്കുന്ന ഐ.പി.എൽ ഗവേർണിംഗ് കൗൺസിൽ യോഗത്തിൽ ഈ കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.