ശിഖർ ധവാനും റിഷഭ് പന്തും തുടരും, ജലജ് സക്‌സേനയെ ഒഴിവാക്കി ഡൽഹി ക്യാപിറ്റൽസ്

Staff Reporter

അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലേക്ക് സൂപ്പർ താരങ്ങളെ നിലനിർത്തി ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, റിഷഭ് പന്ത് എന്നിവരെ ഡൽഹി ക്യാപിറ്റൽസ് അടുത്ത വർഷത്തെ ടീമിലേക്ക് നിലനിർത്തിയിട്ടുണ്ട്. മൊത്തം 14 താരങ്ങളെയാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയത്.

ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ,റിഷഭ് പന്ത്,രവിചന്ദ്ര അശ്വിൻ, ഇഷാന്ത് ശർമ്മ, അജിങ്കെ രഹാനെ, അക്‌സർ പട്ടേൽ, അമിത് മിശ്ര, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവരെയാണ് ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ ഇന്ത്യൻ താരങ്ങൾ. കൂടാതെ  സൗത്ത് ആഫ്രിക്കൻ ഫാസ്റ്റ് ബൗളർ കാഗിസോ റാബാഡ, വെസ്റ്റിൻഡീസ് താരം കീമോ പോൾ, നേപ്പാൾ താരം സന്ദീപ് ലാമിച്ചനെ എന്നിവരെയും ഡൽഹി നിലനിർത്തിയിട്ടുണ്ട്. രവിചന്ദ്ര അശ്വിനെയും അജിങ്കെ രഹാനെയെയും ട്രേഡിങിലൂടെയാണ് ഡൽഹി സ്വന്തമാക്കിയത്.

അതെ സമയം കേരളം രഞ്ജി താരം ജലജ് സക്‌സേനയെ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയിട്ടില്ല. സക്‌സേനയെ കൂടാതെ ഹനുമ വിഹാരി,മൻജോത് കൽറ, അങ്കുഷ് ബെയിൻസ്, നതു സിങ്, ബന്ദാരു അയ്യപ്പ എന്നീ ഇന്ത്യൻ താരങ്ങളെയും സൗത്ത് ആഫ്രിക്കൻ താരങ്ങളായ ക്രിസ് മോറിസ്, കോളിൻ ഇൻഗ്രാം, ന്യൂ സിലാൻഡ് താരം കോളിൻ മൺറോ എന്നിവരെയും ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തിട്ടുണ്ട്.