ഇന്ന് ഐ പി എല്ലിൽ നടന്ന നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ഡെൽഹി ക്യാപിറ്റൽസിനോട് 19 റൺസിന് പരാജയപ്പെട്ടു. ഇതോടെ ലഖ്നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. ഡെൽഹിക്ക് ആകട്ടെ അവരുടെ പ്രതീക്ഷകൾ കാക്കാൻ ആയി. ഈ വിജയത്തോടെ രാജസ്ഥാൻ റോയൽ പ്ലേ ഓഫ് യോഗ്യത നേടി. ഈ ജയം ഏറ്റവും ഗുണമാകുന്നത് ആർ സി ബിക്ക് ആണ്. അവരുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോൾ അവരുടെ കയ്യിലേക്ക് വന്നിരിക്കുകയാണ്.
ഇന്ന് 209 എന്ന ലക്ഷ്യം തേടി ഇറങ്ങിയ ലഖ്നൗവിന് 189 റൺസ് എടുക്കാനെ ആയുള്ളൂ. തുടക്കം മുതൽ ലഖ്നൗവിന് തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് വിനയായത്. 5 റൺസ് എടുത്ത രാഹുൽ, 12 റൺസ് എടുത്ത ഡി കോക്ക്, 5 റൺസ് എടുത്ത സ്റ്റോയിനിസ്, റൺ ഒന്നും എടുക്കാത്ത ദീപക് ഹൂഡ, 6 റൺ എടുത്ത ആയുഷ് ബദോനി എന്നിവർ നിരാശപ്പെടുത്തി.
27 പന്തിൽ 61 റൺസ് എടുത്ത പൂരൻ ആണ് മുൻ നിരയിൽ ആകെ തിളങ്ങിയത്. അവസാനം അർഷാദ് നടത്തിയ പ്രകടനം ഡെൽഹിയെ വിറപ്പിച്ചു താരം വാലറ്റത്തെ കൂട്ടുപിടിച്ച് അവസാനം വരെ പൊരുതി. 33 പന്തിൽ 58 റൺസ് ആയിരുന്നു അർഷാദ് അടിച്ചത്. താരം പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡെൽഹി 208 റൺസ് ആണ് നേടിയത്. ട്രിസ്റ്റന്‍ സ്റ്റബ്സ്, അഭിഷേക് പോറെൽ, ഷായി ഹോപ് എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും ബാറ്റിംഗ് മികവ് പുറത്തെടുത്ത മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ ഡൽഹി നേടിയത്.
ആദ്യ ഓവറിൽ തന്നെ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ നഷ്ടമായെങ്കിലും അഭിഷേക് പോറെലും ഷായി ഹോപും മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 92 റൺസ് രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ രവി ബിഷ്ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 38 റൺസ് നേടിയ ഷായി ഹോപിനെ നഷ്ടമായ ഡൽഹിയ്ക്ക് അടുത്തതായി 33 പന്തിൽ 58 റൺസ് നേടിയ അഭിഷേക് പോറെലിനെയാണ് നഷ്ടമായത്.
111/3 എന്ന നിലയിൽ നിന്ന് ഡൽഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 47 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. പോറെലിനെ പുറത്താക്കിയ നവീന്‍-ഉള്‍-ഹക്ക് തന്നെയാണ് 33 റൺസ് നേടിയ പന്തിനെയും പുറത്താക്കിയത്.
സ്റ്റബ്സ് – അക്സര്‍ പട്ടേൽ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ 22 പന്തിൽ നിന്ന് 50 റൺസാണ് നേടിയത്. സ്റ്റബ്സ് 25 പന്തിൽ 57 റൺസും അക്സര്‍ പട്ടേൽ 10 പന്തിൽ 14 റൺസും നേടി.