20 ഡോട്ട് ബോളുകള്‍, പുതു ചരിത്രം സൃഷ്ടിച്ച് ദീപക് ചഹാര്‍

ഐപിഎലില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം ഡോട്ട് ബോളുകള്‍ എറിയുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ദീപക് ചഹാര്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മൂന്ന് വിക്കറ്റ് നേട്ടം താരം സ്വന്തമാക്കിയപ്പോള്‍ ചഹാര്‍ തന്റെ 24 പന്തില്‍ 20 എണ്ണം ഡോട്ട് ബോളുകളാക്കി മാറ്റിയിരുന്നു. 20 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്. ഇതില്‍ ആദ്യ ഓവറില്‍ ഓവര്‍ത്രോ വഴി വഴങ്ങിയ 4 റണ്‍സ് ഉള്‍പ്പെടുന്നു. തന്റെ രണ്ടാം ഓവറില്‍ ഒരു വൈഡാണ് താരം വഴങ്ങിയത്. മൂന്നാം ഓവറില്‍ റോബിന്‍ ഉത്തപ്പ രണ്ട് ബൗണ്ടറി നേടിയപ്പോള്‍ അവസാന ഓവറില്‍ ആന്‍ഡ്രേ റസ്സല്‍ ഒരു സിക്സ് നേടി.

ആശിഷ് നെഹ്റയും ഫിഡെല്‍ എഡ്വേര്‍ഡ്സും മുനാഫ് പട്ടേലുമാണ് മുമ്പ് ഈ റെക്കോര്‍ഡ് പങ്കിട്ടിരുന്നത്. 19 ഡോട്ട് ബോളുകളായിരുന്നു ഇരു താരങ്ങളും തങ്ങളുടെ മികവാര്‍ന്ന ബൗളിംഗ് പ്രകടനത്തില്‍ എറിഞ്ഞത്. നെഹ്റ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെയും മുനാഫ് പട്ടേല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും 2009ല്‍ ആണ് ഈ ബൗളിംഗ് പ്രകടനങ്ങള്‍ പുറത്തെടുത്തത്. ഫിഡെല്‍ എഡ്വേര്‍ഡ്സും 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടി 19 ഡോട്ട് ബോളുകള്‍ എറിഞ്ഞിരുന്നു. അന്ന് തന്റെ നാലോവര്‍ സ്പെല്ലില്‍ ഒരു മെയ്ഡന്‍ ഓവര്‍ ഉള്‍പ്പെടെ 6 റണ്‍സ് മാത്രമാണ് എഡ്വേര്‍ഡ്സ് വിട്ട് നല്‍കിയത്.