തന്നെ വിശ്വസിച്ച ടീമിനു ഈ ഇന്നിംഗ്സ് സമര്‍പ്പിക്കുന്നു

Sports Correspondent

ഐപിഎലില്‍ ഒരു വലിയ ഇന്നിംഗ്സ് താന്‍ കളിച്ചുവെങ്കിലും കഴിഞ്ഞ കുറേ മത്സരങ്ങളിലായി താന്‍ റണ്‍സ് കണ്ടെത്തുന്നില്ലായിരുന്നു, ഈ വിഷമ ഘട്ടത്തിലും തന്നെ പിന്തുണച്ച ടീമിനാണ് തന്റെ അര്‍ദ്ധ ശതകം സമര്‍പ്പിക്കുന്നതെന്ന് പറഞ്ഞ് പൃഥ്വി ഷാ. തനിക്ക് അല്പം പരിഭ്രാന്തിയുണ്ടായിരുന്നുവെങ്കിലും കോച്ചിംഗ് സ്റ്റാഫിന്റെ സഹായം തനിക്ക് സഹായകരമായെന്ന് പൃഥ്വി പറഞ്ഞു. തന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത സപ്പോര്‍ട്ട് സ്റ്റാഫിനും കോച്ചുമാര്‍ക്കും സഹതാരങ്ങള്‍ക്കും നന്ദി പറയുന്നുവെന്നും പൃഥ്വി ഷാ അറിയിച്ചു.

തിരിച്ച് ഫോമിലേക്ക് മടങ്ങാമെന്ന വിശ്വാസം തനിയ്ക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തരം മത്സരങ്ങളില്‍ താന്‍ സ്ഥിരമായി പരിഭ്രാന്തനായിരിക്കുമെന്നും പൃഥ്വി പറഞ്ഞു. ചെന്നൈയ്ക്കെതിരെ ഇനിയൊരു വലിയ മത്സരമാണുള്ളത്, അതിനാല്‍ തന്നെ അതിനു വേണ്ടി കഠിനമായ പരിശ്രമത്തില്‍ ടീം ഏര്‍പ്പെടുമെന്നും പൃഥ്വി വ്യക്തമാക്കി.

ഋഷഭ് പന്തിന്റെ ഇന്നിംഗ്സിനെ പുകഴ്ത്തിയ പൃഥ്വി താരം ടീമിനു ആവശ്യമായ ഘട്ടത്തിലെല്ലാം ടീമിന്റെ സഹായത്തിനെത്താറുണ്ടെന്നും വ്യക്തമാക്കി.