ഡൽഹി ക്യാപിറ്റൽസിനെതിരെ 27 റൺസിന്റെ വിജയത്തോടെ പ്ലേ ഓഫിനടുത്തേക്ക് നീങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇന്ന് മികച്ച ബൗളിംഗിലൂടെ ചെന്നൈയെ 167/8 എന്ന സ്കോറിലൊതുക്കിയെങ്കിലും ബാറ്റിംഗിൽ ഡൽഹി പിന്നിൽ പോകുകയായിരുന്നു. 8 വിക്കറ്റ് നഷ്ടത്തിൽ ഡൽഹിയ്ക്ക് 140 റൺസ് മാത്രമേ നേടാനായുള്ളു.
ഓപ്പണര്‍മാരെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ മിച്ചൽ മാര്‍ഷ് റണ്ണൗട്ട് രൂപത്തിലും പുറത്തായപ്പോള്‍ ഡൽഹി 25/3 എന്ന നിലയിലേക്ക് വീണു. പിന്നീട് റൈലി റോസ്സോവ് – മനീഷ് പാണ്ടേ കൂട്ടുകെട്ട് ഡൽഹിയെ പത്തോവറിൽ 65/3 എന്ന നിലയിലേക്ക് എത്തിച്ചു.
27 റൺസ് നേടിയ മനീഷ് പാണ്ടേയെ മതീഷ പതിരാന പുറത്താക്കി ഡൽഹിയുടെ നാലാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. 59 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. ഇതോടെ അവസാന 7 ഓവറിൽ 84 റൺസായി മാറി ഡൽഹിയുടെ വിജയ ലക്ഷ്യം.
മോയിന്‍ അലി തന്റെ സ്പെൽ വെറും 16 റൺസ് വിട്ട് കൊടുത്ത് എറിഞ്ഞ് തീര്‍ത്തപ്പോള്‍ തൊട്ടടുത്ത ഓവറിൽ റൈലി റോസ്സോവിനെ ജഡേജ പുറത്താക്കി. 35 റൺസായിരുന്നു റോസ്സോവ് നേടിയത്. 12 പന്തിൽ 21 റൺസ് നേടി തോൽവി ഭാരം കുറയ്ക്കുവാന്‍ ശ്രമിച്ച അക്സറിന്റെ വിക്കറ്റ് മതീഷ പതിരാന നേടിയപ്പോള്‍ ഡൽഹിയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.