ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 179 റണ്‍സ് നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും കൂടി അവസാന അഞ്ചോവറില്‍ നേടിയ 43 റണ്‍സാണ് ചെന്നൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 14.5 ഓവറില്‍ ചെന്നൈ 102/3 എന്ന നിലയിലായിരുന്നു. ആദ്യ 20 പന്തില്‍ നിന്ന് വെറും നാല് റണ്‍സ് ആണ് ചെന്നൈ ഓപ്പണര്‍മാര്‍ക്ക് നേടാനായത്. 9 പന്തുകള്‍ നേരിട്ട ഷെയിന്‍ വാട്സണെ ടീമിനു നഷ്ടമായി.
രണ്ടാം വിക്കറ്റില്‍ 84 റണ്‍സാണ് റെയ്ന-ഫാഫ് ഡു പ്ലെസി കൂട്ടുകെട്ട് നേടിയത്. 39 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുടെ വിക്കറ്റാണ് ടീമിനു നഷ്ടമായത്. ഏറെ വൈകാതെ 37 പന്തില്‍ നിന്ന് 59 റണ്‍സാണ് റെയ്ന നേടിയത്. രണ്ട് വിക്കറ്റ് നേടിയ ജഗദീഷ സുചിത് ആണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്. താരം വെറും 28 റണ്‍സിനാണ് രണ്ട് വിക്കറ്റ് നേടിയത്.
പിന്നീട് നാലാം വിക്കറ്റില്‍ അതിവേഗ സ്കോറിംഗുമായി രവീന്ദ്ര ജഡേയും എംഎസ് ധോണിയും കൂടി ചെന്നെയെ മുന്നോട്ട് നയിക്കുകയായിരുന്നു. 10 പന്തില്‍ നിന്ന് 25 റണ്‍സ് നേടിയ ജഡേജയെ ക്രിസ് മോറിസ് പുറത്താക്കിയെങ്കിലും എംഎസ് ധോണി 22 പന്തില്‍ നിന്ന് പുറത്താകാതെ 44 റണ്‍സ് നേടി ചെന്നൈയെ 179 റണ്‍സിലേക്ക് നയിച്ചു.