ഐപിഎലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുംബൈയ്ക്കെതിരെ മിന്നും വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് 139 റൺസ് മാത്രം നേടാനായപ്പോള്‍ ലക്ഷ്യം 17.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ഡെവൺ കോൺവേ, റുതുരാജ് ഗായക്വാഡ് എന്നിവരുടെ മികവാര്‍ന്ന ബാറ്റിംഗാണ് ചെന്നൈയുടെ അനായാസ വിജയം ഒരുക്കിയത്.
വെടിക്കെട്ട് തുടക്കമാണ് ചെന്നൈയ്ക്ക് റുതുരാജ് ഗായക്വാഡ് നൽകിയത്. 4.1 ഓവറിൽ 46 റൺസ് നേടിയ റുതുരാജ് – കോൺവേ കൂട്ടുകെട്ട് പിയൂഷ് ചൗളയാണ് തകര്‍ത്തത്. 16 പന്തിൽ 30 റൺസ് നേടിയ റുതുരാജിന്റെ വിക്കറ്റാണ് ചൗള നേടിയത്.
രണ്ടാം വിക്കറ്റിൽ കോൺവേ – രഹാനെ കൂട്ടുകെട്ട് 35 റൺസ് നേടിയപ്പോള്‍ പിയൂഷ് ചൗള വീണ്ടും വിക്കറ്റുമായി രംഗത്തെത്തുകയായിരുന്നു. 21 റൺസ് നേടിയ രഹാനെയെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ചൗള ചെന്നൈയ്ക്ക് രണ്ടാം പ്രഹരം നൽകിയത്.
ട്രിസ്റ്റന്‍ സ്റ്റബ്സ് അമ്പാട്ടി റായിഡുവിനെ പുറത്താക്കിയപ്പോള്‍ 13 ഓവറിൽ ചെന്നൈ 105/3 എന്ന നിലയിലായിരുന്നു. അപ്പോളും 42 പന്തിൽ വെറും 35 റൺസ് മാത്രം മതിയായിരുന്നു ചെന്നൈയ്ക്ക് വിജയത്തിനായി. അരങ്ങേറ്റക്കാരന്‍ രാഘവ് ഗോയലിനെ രണ്ട് സിക്സുകള്‍ക്ക് പറത്തി ശിവം ഡുബേ മത്സരത്തിലെ മുംബൈയുടെ അവശേഷിക്കുന്ന പ്രതീക്ഷ കൂടി ഇല്ലാതാക്കുന്നതാണ് പിന്നീട് കണ്ടത്.
കോൺവേ – ശിവം ഡുബേ കൂട്ടുകെട്ട് 25 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. 44 റൺസ് നേടിയ കോൺവേയെ ആകാശ് മാധ്വൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ശിവം ഡുബേ 26 റൺസുമായി പുറത്താകാതെ നിന്നു.