ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 162/7 എന്ന സ്കോറിലൊതുക്കി പഞ്ചാബ് കിംഗ്സ്. റുതുരാജ് ഗായക്വാഡ് അവസാന ഘട്ടത്തിൽ സ്കോറിംഗ് വേഗത്തിലാക്കുവാന്‍ ശ്രമിച്ചതൊഴിച്ചാൽ ഇന്ന് ഇറങ്ങിയ ചെന്നൈ ബാറ്റര്‍മാര്‍ക്കാര്‍ക്കും തന്നെ കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ മത്സരത്തിൽ സാധിച്ചില്ല.
അതിവേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ഒരു ചെന്നൈ താരത്തിനും കഴിയാതെ പോയപ്പോള്‍ ഒന്നാം വിക്കറ്റിൽ റുതുരാജ് – അജിങ്ക്യ കൂട്ടുകെട്ട് 64 റൺസാണ് നേടിയത്. 24 പന്തിൽ 29 റൺസ് നേടിയ രഹാനെയെ ഹര്‍പ്രീത് ബ്രാര്‍ പുറത്താക്കിയപ്പോള്‍ റൺ റേറ്റ് ഉയര്‍ത്തുവാന്‍ എത്തിയ ശിവം ദുബേ ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു. രവീന്ദ്ര ജഡേജയെ രാഹുല്‍ ചഹാര്‍ പുറത്താക്കുമ്പോള്‍ ചെന്നൈ 9.5 ഓവറിൽ 70/3 എന്ന നിലയിലായിരുന്നു.
റുതുരാജും സമീര്‍ റിസ്വിയും ചേര്‍ന്ന് നാലാം വിക്കറ്റിൽ 37 റൺസ് നേടിയപ്പോള്‍ 21 റൺസ് നേടിയ റിസ്വിയെ കാഗിസോ റബാഡ പുറത്താക്കി. 16 ഓവര്‍ പിന്നിടുമ്പോള്‍ 111/4 എന്ന നിലയിലായിരുന്ന ചെന്നൈ സാം കറന്‍ എറിഞ്ഞ അടുത്ത ഓവറിൽ 20 റൺസാണ് നേടിയത്. ഗായക്വാഡ് രണ്ട് സിക്സും ഒരു ഫോറുമാണ് നേടിയത്. 18ാം ഓവറിൽ അര്‍ഷ്ദീപിനെ മോയിന്‍ അലി ഒരു സിക്സും ഒരു ഫോറും പറത്തിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തിൽ ഗായക്വാഡിനെ താരം പുറത്താക്കി.
ഈ കൂട്ടുകെട്ട് 15 പന്തിൽ 38 റൺസാണ് നേടിയത്. റുതുരാജ് 48 പന്തിൽ 62 റൺസ് നേടി പുറത്തായി. തൊട്ടടുത്ത ഓവറിൽ രാഹുല്‍ ചഹാര്‍ മോയിന്‍ അലിയുടെ വിക്കറ്റും നേടി. 9 പന്തിൽ 15 റൺസാണ് മോയിന്‍ അലി നേടിയത്. അവസാന ഓവറിൽ ഒരു ഫോറും സിക്സും നേടിയ ധോണി ഈ ഐപിഎലില്‍ ആദ്യമായി പുറത്തായി എന്ന സവിശേഷത കൂടി ഈ മത്സരത്തിലുണ്ടായി.
11 പന്തിൽ 14 റൺസ് നേടിയ ധോണി റണ്ണൗട്ടായപ്പോള്‍ ചെന്നൈയുടെ ഇന്നിംഗ്സ് 162/7 എന്ന സ്കോറിൽ അവസാനിച്ചു.