പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ആഗ്രഹിച്ച തുടക്കമാണ് കീറൺ പൊള്ളാര്‍ഡും ജസ്പ്രീത് ബുംറയും മത്സരത്തിൽ നല്‍കിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് പഞ്ചാബ് നേടിയത്. എയ്ഡന്‍ മാര്‍ക്രം(42), ദീപക് ഹൂഡ(28) എന്നിവരാണ് പഞ്ചാബ് നിരയിൽ തിളങ്ങിയത്. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയും കീറൺ പൊള്ളാര്‍ഡും രണ്ട് വീതം വിക്കറ്റ് നേടി.
മയാംഗ് അഗര്‍വാളിന് പകരം മന്‍ദീപ് സിംഗുമായി ഇറങ്ങിയ പഞ്ചാബിന് 15 റൺസ് നേടിയ താരത്തെയാണ് ആദ്യം നഷ്ടമായത്. പവര്‍പ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ കീറൺ പൊള്ളാര്‍ഡിന്റെ ഓവറിൽ ഗെയിലും കെഎല്‍ രാഹുലും(21) പുറത്തായതോടെ പഞ്ചാബിന്റെ കാര്യം പരുങ്ങലിലായി. അടുത്ത ഓവറിൽ നിക്കോളസ് പൂരനും പുറത്തായതോടെ 48/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.
അഞ്ചാം വിക്കറ്റിൽ എയ്ഡന്‍ മാര്‍ക്രം – ദീപക് ഹൂഡ കൂട്ടുകെട്ടാണ് 61 റൺസ് കൂട്ടുകെട്ടുമായി പഞ്ചാബിന്റെ സ്കോര്‍ നൂറ് കടത്തിയത്. സ്കോര്‍ 109ൽ നിൽക്കവെ 29 പന്തിൽ 42 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി രാഹുല്‍ ചഹാര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.
അവസാന ഓവറുകളിൽ ബൗണ്ടറി വിട്ട് നല്‍കാതെ മുംബൈ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ 20 ഓവറിന് ശേഷം 135/6 എന്ന നിലയില്‍ പഞ്ചാബിന്റെ ബാറ്റിംഗ് അവസാനിച്ചു. ക്രുണാൽ പാണ്ഡ്യയും രാഹുല്‍ ചഹാറും ഓരോ വിക്കറ്റ് നേടിയപ്പോള്‍ നഥാന്‍ കോള്‍ട്ടര്‍-നൈലിന് വിക്കറ്റ് ലഭിച്ചില്ലെങ്കിലും മികച്ച ബൗളിംഗാണ് മുംബൈയ്ക്കായി കാഴ്ചവെച്ചത്.