ആദ്യ പത്തോവറില്‍ വെറും 68 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും അതിനു ശേഷം ക്രിസ് ഗെയില്‍ ഉഗ്രരൂപം പൂണ്ടതോടെ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച സ്കോറിലേക്ക് നീങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ്. 33 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ച ഗെയിലിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 184 റണ്‍സാണ് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഗെയില്‍ 79 റണ്‍സ് നേടി പുറത്തായപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യ ഓവറില്‍ തന്നെ ലോകേഷ് രാഹുലിനെ നഷ്ടമായ ശേഷം മയാംഗ അഗര്‍വാലും ക്രിസ് ഗെയിലും ചേര്‍ന്ന് 56 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ നേടിയത്. ഇരു താരങ്ങളും മെല്ലെയാണ് സ്കോറിംഗ് മുന്നോട്ട് നീക്കിയതെങ്കിലും കൃഷ്ണപ്പ ഗൗതമിനെ കൂറ്റനടിയ്ക്ക് മുതിര്‍ന്ന് ബൗണ്ടറി ലൈനില്‍ മികച്ചൊരു ക്യാച്ചിനു മയാംഗ് പുറത്താകുമ്പോള്‍ താരം 22 റണ്‍സാണ് നേടിയത്.
അതിനു ശേഷം സര്‍ഫ്രാസ് ഖാനെ കൂട്ടായി കിട്ടിയ ക്രിസ് ഗെയില്‍ താണ്ഡവം ആരംഭിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസ് ഖാനും ഗെയിലിനു മികച്ച പിന്തുണ നല്‍കിയപ്പോള്‍ റണ്‍ യഥേഷ്ടം വരുകയായിരുന്നു. 47 പന്തില്‍ 79 റണ്‍സ് നേടി രാഹുല്‍ ത്രിപാഠിയുടെ ഒരു മാസ്മരിക ക്യാച്ചിന്റെ ആനുകൂല്യത്തില്‍ ബെന്‍ സ്റ്റോക്സിനു വിക്കറ്റ് നല്‍കി ഗെയില്‍ മടങ്ങുമ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ 144 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്. മൂന്നാം വിക്കറ്റില്‍ 84 റണ്‍സാണ് ഗെയിലും സര്‍ഫ്രാസും നേടിയത്. 29 പന്തില്‍ നിന്നാണ് സര്‍ഫ്രാസ് തന്റെ 46 റണ്‍സ് നേടിയത്. ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടത്തായിരുന്നു സര്‍ഫ്രാസിന്റെ ഇന്നിംഗ്സ്.
രാജസ്ഥാന്‍ ബൗളര്‍മാരില്‍ കണക്കറ്റ് അടിവാങ്ങിയത് ജയ്ദേവ് ഉനഡ്കടിനായിരുന്നു. മൂന്നോവറില്‍ വിക്കറ്റൊന്നുമില്ലാതെ 44 റണ്‍സാണ് താരം വഴങ്ങിയത്. അതേ സമയം ജോഫ്രര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ 17 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ബെന്‍ സ്റ്റോക്സിനു രണ്ട് വിക്കറ്റ് ലഭിച്ചു.