അരങ്ങേറ്റം അവിസ്മരണീയമാക്കി ചേതന്‍ സക്കറിയ, മൂന്ന് വിക്കറ്റും തകര്‍പ്പന്‍ ക്യാച്ചും

Sports Correspondent

ഐപിഎലില്‍ ഇന്ന് അരങ്ങേറ്റം കുറിച്ച രാജസ്ഥാന്‍ റോയല്‍സ് താരം ചേതന്‍ സക്കറിയയുടെ അവിസ്മരണീയ പ്രകടനം. താനെറിഞ്ഞ ആദ്യ ഓവറില്‍ പത്ത് റണ്‍സ് താരം വഴങ്ങിയെങ്കിലും രണ്ടാമത്തെ ഓവറില്‍ വെറും ഒരു റണ്‍സ് മാത്രം വിട്ട് നല്‍കി മയാംഗ് അഗര്‍വാളിന്റെ വിക്കറ്റ് ചേതന്‍ നേടുകയായിരുന്നു.

പഞ്ചാബ് ഇന്നിംഗ്സിന്റെ അവസാനത്തോടെ തന്റെ രണ്ടോവര്‍ എറിയുവാനെത്തിയ ചേതന്‍ തന്റെ മൂന്നാമത്തെ ഓവറിന്റെ ആദ്യ നാല് പന്തില്‍ വെറും 2 റണ്‍സ് മാത്രം നല്‍കിയെങ്കിലും അവസാന രണ്ട് പന്തില്‍ ഒരു നോബോള്‍ ഉള്‍പ്പെടെ 3 ബൗണ്ടറി താരം വഴങ്ങിയത് താരത്തിന്റെ സ്റ്റാറ്റ്സ് മോശമാക്കുവാന്‍ ഇടയാക്കി.

ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറിന്റെ മൂന്നാം പന്തില്‍ നിക്കോളസ് പൂരനെ ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ പറന്ന് പിടിച്ച ചേതന്‍ തന്റെ അവസാന ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ട് നല്‍കി ലോകേഷ് രാഹുലിന്റെയും ജൈ റിച്ചാര്‍ഡ്സണിന്റെയും വിക്കറ്റുകള്‍ നേടി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ നാലോവറില്‍ 31 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് താരം തന്റെ മൂന്ന് വിക്കറ്റ് നേടിയത്.