ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഈ സീസണില്‍ മാറിയിരിക്കുന്നത് ടോപ് ഓര്‍ഡര്‍ താരങ്ങളുടെ ബാറ്റിംഗ് ഫോമില്ലായ്മയാണ്. പ്ലേ ഓഫിലെ ആദ്യ ക്വാളിഫയറില്‍ ടീം പരാജയപ്പെടുകയും കൂടി ചെയ്തതോടെ ബാറ്റിംഗ് യൂണിറ്റ് കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് ധോണിയും ഫ്ലെമിംഗുമെല്ലാം തുറന്ന് പറയുക കൂടി ചെയ്തു.
കഴിഞ്ഞ സീസണില്‍ ഷെയിന്‍ വാട്സണും അമ്പാട്ടി റായിഡുവും തകര്‍ത്തടിച്ചതാണ് ചെന്നൈയ്ക്ക് തുണയായി മാറിയത്. 602 റണ്‍സ് നേടിയ റായിഡുവിന്റെ ഫോം താരത്തിനു ഇന്ത്യന്‍ ടീമിലേക്ക് അവസരം സൃഷ്ടിച്ചിരുന്നു. പിന്നീട് ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനം താരം ഉറപ്പിയ്ക്കുമെന്ന സ്ഥിതിയില്‍ എത്തിയ ശേഷമാണ് 2019ല്‍ താരം ഫോമൗട്ടായി മാറുന്നത്. ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ താരത്തിന്റെ സ്ഥാനവും ഇത് നഷ്ടപ്പെടുത്തവാന്‍ ഇടയാക്കി. ഇന്നലെ ധോണിയുമായി ചേര്‍ന്ന് നിര്‍ണ്ണായക കൂട്ടുകെട്ട് പുറത്തെടത്തുവെങ്കിലും സീസണില്‍ ഇതുവരെ 261 റണ്‍സാണ് താരം നേടിയത്.
ഷെയിന്‍ വാട്സണ്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ വെടിക്കെട്ട് പ്രകടനം ഉള്‍പ്പെടെ 555 റണ്‍സാണ് നേടിയത്. അതേ സമയം ഇത്തവണ 11 തവണ പവര്‍പ്ലേയില്‍ പുറത്തായ താരം നേടിയത് വെറും 268 റണ്‍സാണ്. ടീമിന്റെ എക്കാലത്തെയും പ്രതീക്ഷയായ സുരേഷ് റെയ്‍നയാകട്ടെ കഴിഞ്ഞ വര്‍ഷം 445 റണ്‍സ് നേടിയപ്പോള്‍ ഈ സീസണില്‍ വെറും 364 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.