ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് പരിശീലനം ആരംഭിക്കും

Staff Reporter

ടീമിലെ 13 അംഗങ്ങൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശീലനം നടത്തുന്നതിൽ നിന്ന് വിട്ടുനിന്നിരുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങും. നേരത്തെ കൊറോണ പോസറ്റീവ് ആയ താരങ്ങൾ പരിശീലനത്തിന് പങ്കെടുക്കില്ല. മറ്റു താരങ്ങളുടെ മൂന്നാമത്തെ കൊറോണ ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് പരിശീലനം ആരംഭിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തീരുമാനിച്ചത്. ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാശി വിശ്വനാഥ് ആണ് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലനം ആരംഭിക്കുന്ന വിവരം അറിയിച്ചത്.

അതെ സമയം നേരത്തെ കൊറോണ പോസറ്റീവ് ആയ താരങ്ങൾ 14 ദിവസത്തെ ക്വറിന്റൈന് ശേഷം വീണ്ടും ടെസ്റ്റ് നടത്തിയതിന് ശേഷമാവും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങുക. നിലവിൽ ക്വറന്റൈനിൽ ഉള്ള ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡു പ്ലെസ്സിയും ലുങ്കി എൻഗിഡിയും പരിശീലനത്തിന് ഇറങ്ങില്ല. ഇതുവരെ ടീമിനൊപ്പം ചേരാതിരുന്ന ഹർഭജൻ സിംഗ് ഈ ആഴ്ച ടീമിനൊപ്പം ചേരുമെന്നാണ് സൂചനയൊന്നും ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ പറഞ്ഞു.