ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്വറന്റൈൻ കാലാവധി നീട്ടി. നേരത്തെ ഓഗസ്റ്റ് 21ന് യു.എ.ഇയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ബി.സി.സി.ഐ നിർദേശിച്ച നിർബന്ധിത 6 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞ് ഇന്ന് പരിശീലനം തുടങ്ങാനിരിക്കെയാണ് ക്വറന്റൈൻ നീട്ടിയത്. ഇത് പ്രകാരം ചെന്നൈ സൂപ്പർ കിങ്‌സ് സെപ്റ്റംബർ 1ന് മാത്രമാവും പരിശീലനം ആരംഭിക്കുക.
എന്നാൽ എന്ത് കാരണം കൊണ്ടാണ് ക്വറന്റൈൻ കാലാവധി നീട്ടിയത് എന്ന കാര്യത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഇതോടെ യു.എ.ഇയിൽ എത്തിയ ഐ.പി.എൽ ടീമുകളിൽ ഏറ്റവും അവസാനം പരിശീലനത്തിന് ഇറങ്ങുന്ന ടീം ചെന്നൈ സൂപ്പർ കിങ്‌സ് ആവും. ഓഗസ്റ്റ് 20ന് യു.എ.ഇയിലെത്തിയ രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിരുന്നു. നേരത്തെ യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുൻപ് ഓഗസ്റ്റ് 15 മുതൽ 20 വരെ ചെന്നൈയിൽ വെച്ച് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലനം ക്യാമ്പ് നടത്തിയിരുന്നു.