ആര്‍സിബിയുടെ ഇന്നത്തെ വിജയത്തിന് പ്രധാന കാരണം ആരെന്ന ചോദ്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ഇന്ന് ഐപിഎലില്‍ തന്റെ രണ്ടാമത്തെ പ്ലേയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കിയ യൂസുവേന്ദ്ര ചഹാലായിരുന്നു ടീമിന്റെ വിജയ ശില്പി. ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി തന്റെ അരങ്ങേറ്റം താരം കുറിച്ചത് 2014ല്‍ ആണ്. അന്ന് ദുബായിയിലും ഇന്ത്യയിലുമായി നടന്ന മത്സരത്തില്‍ ഷാര്‍ജ്ജയില്‍ വെച്ചായിരുന്നു താരത്തിന്റെ ആര്‍സിബി അരങ്ങേറ്റം.
2011-13 സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎലില്‍ താരം ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. അതേ സമയം താരം ചാമ്പ്യന്‍സ് ലീഗ് ടി20യില്‍ ടീമിനായി 2011ലെ എല്ലാ മത്സരങ്ങളിലും കളിച്ചിരുന്നു. ഷാര്‍ജ്ജയില്‍ ആര്‍സിബിയ്ക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റത്തില്‍ താരം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയിരുന്നു. ഡല്‍ഹിയ്ക്കെതിരെ ആയിരുന്നു ഈ നേട്ടം.
ഐപിഎലില്‍ തന്റെ രണ്ടാം പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം താരം നേടുമ്പോള്‍ യാദൃശ്ചികമെന്നവണ്ണം ടൂര്‍ണ്ണമെന്റ് വീണ്ടും നടക്കുന്നത് യുഎഇയിലാണ്. ഇന്ന് ദുബായിയില്‍ താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം നേടി 3 വിക്കറ്റ് നേടിയപ്പോള്‍ അന്ന് ഷാര്‍ജ്ജയിലും താരം തന്റെ നാലോവറില്‍ നിന്ന് വെറും 18 റണ്‍സ് വിട്ട് നല്‍കി 1 വിക്കറ്റാണ് നേടിയത്.
ഇന്നത്തെ മത്സരത്തില്‍ താരം മനീഷ് പാണ്ടേ, ജോണി ബൈര്‍സ്റ്റോ, വിജയ് ശങ്കര്‍ എന്നിങ്ങനെ മൂന്ന് പ്രധാന വിക്കറ്റ് നേടിയാണ് മത്സരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വരുതിയിലാക്കിയത്.